SHARE

ഇന്ത്യയ്ക്കെതിരെ പൂനെയിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളിക്കളത്തിൽ പരസ്പരം ചൂടായി ദക്ഷിണാഫ്രിക്കൻ താരങ്ങളായ കാഗിസോ റബാഡയും, ക്വിന്റൺ ഡി കോക്കും. മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും, രവീന്ദ്ര ജഡേജയും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഒരേ ടീമിലെ താരങ്ങൾ തന്നെ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയത് ക്രിക്കറ്റ് പ്രേമികൾക്ക് മുഴുവൻ വലിയ കൗതുകം സമ്മാനിച്ചു.

ഇന്ത്യൻ ഇന്നിംഗ്സിന്റെ 123-ം ഓവറിലായിരുന്നു വിവാദ സംഭവം. വിക്കറ്റിന് പിന്നിൽ ഡികോക്ക് അലസമായി നിന്നത് പന്തെറിഞ്ഞ് കൊണ്ടിരുന്ന റബാഡയെ ചൊടിപ്പിക്കുകയായിരുന്നു. സംഭവം ഇങ്ങനെ, റബാഡയുടെ ഗുഡ് ലെംഗ്ത്ത് ഡെലിവറി നേരിട്ട ജഡേജ ബോളറുടെ നേരെ തന്നെ പന്തടിച്ചു. പന്ത് കൈയ്യിലെടുത്ത റബാഡ പന്ത് ഡികോക്കിന് എറിഞ്ഞ് നൽകി. എന്നാൽ ഡികോക്കിന്റെ അലസ സമീപനം ഇന്ത്യയ്ക്ക് ഒരു റൺ ഓടിയെടുക്കാൻ അവസരം നൽകി. ഇത് റബാഡയെ രോഷം കൊള്ളിച്ചു. ദേഷ്യത്തിൽ താരം ഡികോക്കിനോട് എന്തൊക്കെയോ പറഞ്ഞു. ഡികോക്കും ദേഷ്യത്തിൽത്തന്നെ ഇതിന് മറുപടി നൽകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ‌മാധ്യമങ്ങളിൽ വൈറലാണ്.