SHARE

ദക്ഷിണാഫ്രിക്കൻ സ്റ്റാർ പേസർ കാഗിസോ റബാഡയുടെ മോശം ഫോം ഐപിഎൽ ടീമായ ഡെൽഹി ക്യാപിറ്റൽസിന് വളരെയധികം ആശങ്ക നൽകുന്നുണ്ടെന്ന് വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ‌. റബാഡ അസാധാരണനായ ഒരു പ്രതിഭയാണെന്ന് ചൂണ്ടിക്കാട്ടിയ ലാറ, താരം ഫോമിലേക്ക് മടങ്ങിയെത്തുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നതായും സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ വ്യക്തമാക്കി.

“അതെ, അവന്റെ ഫോം ഡെൽഹിക്ക് ആശങ്ക സമ്മാനിക്കുന്നു. അവൻ അസാധാരണനായ പ്രതിഭയാണ്. 2020 ൽ ഡെൽഹിയെ ഫൈനലിലെത്തിക്കുന്നതിൽ അവൻ പ്രധാന പങ്ക് വഹിച്ചു. റബാഡയെ വീണ്ടും ഫോമിൽ കാണാൻ ഡെൽഹി ക്യാപിറ്റൽസും ഇഷ്ടപ്പെടുന്നുണ്ടാകും.” ലാറ പറഞ്ഞു.

അതേ സമയം ഡെൽഹി ഫൈനലിലെത്തിയ കഴിഞ്ഞ സീസൺ ഐപിഎല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 30 വിക്കറ്റുകളായിരുന്നു റബാഡയുടെ സമ്പാദ്യം. എന്നാൽ കഴിഞ്ഞ വർഷത്തേതിന് സമാനമായ പ്രകടനങ്ങൾ ഇക്കുറി പുറത്തെടുക്കാൻ റബാഡക്ക് ഇതേ വരെ സാധിച്ചിട്ടില്ല. 2021 സീസൺ ഐപിഎല്ലിൽ ഇതു വരെ 14 മത്സരങ്ങൾ കളിച്ച താരത്തിന് 13 വിക്കറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ.