SHARE

ഏറെ പ്രതീക്ഷകളുണ്ടായിട്ടും ഐ ലീ​ഗിൽ നാലാം സ്ഥാനത്ത് മാത്രമാണ് ഈസ്റ്റ് ബം​ഗാളിന് സീസണവസാനിപ്പിക്കാൻ സാധിച്ചത്. മറ്റൊരു പ്രതീക്ഷയായിരുന്നു സൂപ്പർ കപ്പ്, എന്നാൽ അവിടെ ഫൈനലിലെത്തിയെങ്കിലും ബെം​ഗളുരു എഫ്.സിയോട് തോറ്റു. ചുരുക്കിപ്പറഞ്ഞാൽ അത്ര മോശമൊന്നുമല്ലാത്ത പ്രകടനം നടത്തിയിട്ടും കിരീടം സീസണിൽ ഈസ്റ്റ് ബം​ഗാളിൽ നിന്ന് അകുന്നു. ഇതോടെയാണ് പരിശീലകൻ ഖാലിദ് ജമീലിന് പുറത്തേക്കുള്ള വഴിതെളിഞ്ഞത്.

കഴിഞ്ഞ സീസണിൽ ഐസ്വാൾ എഫ്.സിയെ ഐ ലീ​ഗ് ജേതാക്കളാക്കിയതിന്റെ താരപ്പകിട്ടുമായാണ് ജമീൽ ഇക്കുറി ചരിത്രമുറങ്ങുന്ന ഈസ്റ്റ് ബം​ഗാളിലെത്തുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ആദ്യമായി ഒരു ടീമിനെ ഐ ലീ​ഗ് ജേതാക്കളാക്കിയ ജമീൽ ബം​ഗാളിലും വിജയമാവർത്തിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഉണ്ടായില്ല. കടുത്ത മത്സരമാണ് ഇക്കുറി ഐ ലീ​ഗിൽ നടന്നതെങ്കിലും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ തന്നെ ജമീലിനെ പുറത്താക്കും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലയായിരുന്നു സൂപ്പർ കപ്പിൽ കലാശപ്പോരിലെ തോൽവി.

ഇന്ത്യൻ ദേശീയടീമിലടക്കം കളിച്ചിട്ടുണ്ടെങ്കിലും ജമീലിന്റെ ഫുട്ബോളറെന്ന കരിയർ അത്ര മികച്ചതായിരുന്നില്ല. പരിശീലക വേഷത്തിൽ ആദ്യം മുംബൈ എഫ്.സിയും പിന്നീട് ഐസ്വാൾ എഫ്.സിയിലും മികവ് കാട്ടിയശേഷമായിരുന്നു ബം​ഗാളിലേക്ക് ജമീലിന്റെ വരവ്. ജമീലിനെ പുറത്താകിയതോടെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ചുമതല ടെക്നിക്കൽ ഡയറക്ടറായ സുഭാഷ് ഭൗമിക്കിനാണ് നൽകിയിരിക്കുന്നത്.