SHARE

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻ താരം മൊഹമ്മദ് കൈഫ് രംഗത്ത്. കോഹ്ലി, ടീമിൽ തുടർച്ചയായി വരുത്തിക്കൊണ്ടിരുന്ന ‌മാറ്റങ്ങളെ വിമർശിക്കുന്ന കൈഫ്, ഇന്ത്യയുടെ ഏറ്റവും വിജയിയായ‌ ക്യാപ്റ്റനാവാൻ കോഹ്ലി എന്താണ് ചെയ്യേണ്ടതെന്നും കഴിഞ്ഞ ദിവസം ന്യൂസ് 18 നോട് സംസാരിക്കവെ പറഞ്ഞു.

കോഹ്ലി ടീമിൽ വരുത്തുന്ന അനാവശ്യ റൊട്ടേഷനുകളെയാണ് കൈഫ് പ്രധാനമായും വിമർശിക്കുന്നത്. തുടർച്ചയായി ടീമിൽ കളിക്കേണ്ട ഋഷഭ് പന്ത് വെള്ളക്കുപ്പി ചുമന്ന് നടക്കുകയാണെന്നും, ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളാവണമെങ്കിൽ കോഹ്ലി, പന്തിനെ പിന്തുണയ്ക്കണം എന്നും കൈഫ് പറയുന്നു. മുൻ ഇന്ത്യൻ സൂപ്പർ താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ” കോഹ്ലി‌ ടീം സെലക്ഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു താരത്തിന് കുറച്ച് മത്സരങ്ങളിൽ ഫോം നഷ്ടമുണ്ടായാൽ അദ്ദേഹത്തിന് കൂടുതൽ പിന്തുണ‌‌ നൽകാൻ‌ കോഹ്ലി തയ്യാറാവണം. ഇങ്ങനെ നല്ല കളികാരെ സൃഷ്ടിച്ചെടുക്കണം. എങ്കിൽ മാത്രമേ നല്ലൊരു‌ ടീമിനെ കെട്ടിപ്പടുക്കാൻ പറ്റൂ.

വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോലും ആൾക്കാരെ മാറ്റി മാറ്റി പരീക്ഷിക്കുകയാണ് ഇപ്പോൾ. ഇന്ത്യയ്ക്ക് ഒരു സ്ഥിര സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വേണം. കെ എൽ രാഹുലിന് ഒരു പകരക്കാരൻ വിക്കറ്റ് കീപ്പറാകാൻ കഴിയും. എന്നാൽ അദ്ദേഹത്തിന് ഒരു പ്രധാന വിക്കറ്റ് കീപ്പറാകാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ധോണിക്ക് പകരക്കാരനായി പന്ത് വരണമെങ്കിൽ, പന്തിന് കൂടുതൽ പിന്തുണ‌ നൽകണം. അദ്ദേഹം ടീമിന്റെ വാട്ടർ ബോയ് ആകേണ്ടയാളല്ല. ഇങ്ങനെയൊക്കെ സംഭവിച്ചാൽ വിരമിക്കുമ്പോളേക്ക് ഏറ്റവും വിജയിയായ ക്യാപ്റ്റനാകും കോഹ്ലി. ” കൈഫ് പറഞ്ഞുനിർത്തി.