SHARE

ഇന്ത്യൻ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ ടി20 ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുമെന്ന് മുൻ ഇന്ത്യൻ താരവും, ക്രിക്കറ്റ് പരിശീലകനുമായ മൊഹമ്മദ് കൈഫ്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു കൈഫ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഏകദിന ക്രിക്കറ്റിൽ ഇത് വരെ 6 പേർ ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ടി20 യിൽ ഇത് വരെ അങ്ങനൊന്ന് സംഭവിച്ചിട്ടില്ല. എന്നാൽ ഏകദിനത്തിൽ ഇതിനോടകം 3 ഇരട്ട സെഞ്ചുറികൾ നേടിക്കഴിഞ്ഞ രോഹിത് ശർമ്മയ്ക്ക് ടി20 യിലും അതിന് കഴിയുമെന്നാണ് കൈഫ് പറയുന്നത്. മുൻ ഇന്ത്യൻ സൂപ്പർ താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “രോഹിത് ശർമ്മയ്ക്ക് ടി20 യിൽ ഇരട്ട സെഞ്ചുറി നേടാനുള്ള മികവുണ്ട്. മത്സരം പുരോഗമിക്കുന്തോറും അദ്ദേഹത്തിന്റെ പ്രഹരശേഷിയും ഉയരാറുണ്ട്. തുടക്കത്തിൽ അദ്ദേഹം സമയമെടുത്താണ് കളിക്കുന്നത്. എന്നാൽ നൂറ് റൺസ് പിന്നിട്ടതിന് ശേഷം 250-300 പ്രഹരശേഷിയിലാണ് രോഹിത് ബാറ്റ് ചെയ്യുന്നത്.

അദ്ദേഹത്തിന് ടി20 യിൽ ഇരട്ട സെഞ്ചുറി നേടാനാവും. പക്ഷേ അത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഞങ്ങൾ കളിച്ചുകൊണ്ടിരുന്ന സമയത്ത് 50 ഓവറിൽ ഒരു ടീം 200-250 റൺസ് നേടുന്നത് തന്നെ കഠിനമായിരുന്നു. എന്നാൽ ഇപ്പോൾ പലരും 400-500 സ്കോറുകളെക്കുറിച്ചാണ് സംസാരിക്കുന്നത്.” കൈഫ് പറഞ്ഞുനിർത്തി.