SHARE

ഫിറ്റ്നസിന് ഇപ്പോൾ ക്രിക്കറ്റിൽ വളരെയധികം പ്രാധാന്യമുണ്ട്. എത്ര മികച്ച താരമായാലും, ഫിറ്റ്നസ് ഇല്ലെങ്കിൽ ആ താരം ടീമിൽ നിന്ന് പുറത്താകും എന്നഅവസ്ഥയാണ് ഇപ്പോളുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീമും ഫിറ്റ്നസിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റിൽ വിജയം നേടുന്ന താരങ്ങൾക്ക് മാത്രമേ ഇപ്പോൾ ഇന്ത്യൻടീമിലും അവസരമുള്ളൂ.

2015 ന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റിൽ യോ-യോ ടെസ്റ്റ് കൊണ്ട് വരുന്നത്. ഇതിന് ശേഷം താരങ്ങളുടെ കായിക ക്ഷമതയും ഏറെ മെച്ചപ്പെട്ടു. ഇപ്പോളിതാ താൻ കളിച്ച് കൊണ്ടിരിക്കുന്ന‌ സമയത്ത് ഇന്ത്യൻ ടീമിൽ യോ-യോ ടെസ്റ്റ് നിർബന്ധമായിരുന്നെങ്കിൽ ഏതൊക്കെ താരങ്ങൾ ഈ‌ പരീക്ഷ പാസാവുമായിരുന്നുവെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. കഴിഞ്ഞ ദിവസം ഹലോ ആപ്പിൽ നടന്ന ലൈവ് സെഷനിടെയായിരുന്നു കൈഫ് ഇക്കാര്യത്തിൽ മനസ് തുറന്നത്.

താൻ കളിച്ച് കൊണ്ടിരുന്ന സമയത്ത് യോ-യോ ടെസ്റ്റുണ്ടായിരുന്നെങ്കിൽ തനിക്ക് പുറമേ, ലക്ഷ്മീപതി ബാലാജി, യുവരാജ്‌സിംഗ് എന്നിവർ മാത്രമേ ഇതിൽ വിജയിക്കുകയായിരുന്നുള്ളൂ എന്നാണ് കൈഫിന്റെ പക്ഷം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “ക്രിക്കറ്റ് താരങ്ങൾക്ക് ഫിറ്റ്നസ് വേണ്ടത് വളരെയധികം പ്രധാനമാണ്. ഞങ്ങളുടെ സമയത്ത് യോ-യോ ടെസ്റ്റ് ഉണ്ടായിരുന്നെങ്കിൽ ബാലാജിയും, ഞാനും അത് പാസാവുമായിരുന്നു, ഒപ്പം യുവരാജും. അന്ന് ടീമിലുണ്ടായിരുന്ന മറ്റേതെങ്കിലും താരങ്ങൾ യോ-യോ ടെസ്റ്റ് പാസാവുമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല.” കൈഫ് പറഞ്ഞുനിർത്തി.