SHARE

ക്രിക്കറ്റ് ലോകത്ത് മറ്റൊരു അത്ഭുത സ്പിന്നർ കൂടി. രണ്ട് കൈ കൊണ്ടും പന്തെറിഞ്ഞ് ശ്രീലങ്ക‌ൻ യുവസ്പിന്നർ കാമിന്ദു മെൻഡിസാണ് ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിക്കുന്നത്. 2016 ലെ അണ്ടർ 19 ലോകകപ്പിൽ കളിച്ച് ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയ കാമിന്ദു, ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിൽ ശ്രീലങ്കൻ ഇലവന് വേണ്ടി കളിച്ച് വീണ്ടും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരെ നടന്ന പരിശീലന മത്സരത്തിൽ ജോ റൂട്ടും, ഇയാൻ മോർഗനും ബാറ്റ് ചെയ്യവെയാണ് കാമിന്ദു ആദ്യമായി പന്തെറിയാനെത്തിയത്. തന്റെ ആദ്യ ഓവറിൽത്തന്നെ വലം കൈ ഉപയോഗിച്ചും ഇടം കൈ ഉപയോഗിച്ചും താരം പന്തെറിഞ്ഞു. ജോ റൂട്ടിനെതിരെ ഇടം കൈയ്യൻ ഓർത്തഡോക്സ് സ്പിന്നെറിഞ്ഞ കാമിന്ദു, മോർഗനെതിരെ വലം കൈയ്യൻ ഓഫ് സ്പിന്നാണ് പരീക്ഷിച്ചത്. സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടനുസരിച്ച്, ആദ്യ ഓവറിൽ അഞ്ച് ഓഫ് ബ്രേക്ക് പന്തുകളാണ് കാമിന്ദു എറിഞ്ഞത്.

അതേ സമയം അത്ഭുത സ്പിന്നുമായി എതിരാളികളെ വലച്ചെങ്കിലും മത്സരത്തിൽ വിക്കറ്റുകളൊന്നും നേടാൻ കാമിന്ദുവിന് കഴിഞ്ഞില്ല. എന്നാൽ എട്ട് ഓവറിൽ 37 റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ശ്രീലങ്കൻ‌ ഇലവനാകട്ടെ മത്സരത്തിൽ 43 റൺസിന് പരാജയപ്പെടുകയും ചെയ്തു.