SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് നിരാശ പകരുന്ന വാര്‍ത്ത. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍ത്തെറിഞ്ഞ ഫാസ്റ്റ് ബൗളര്‍ കംലേഷ് നാഗര്‍കോട്ടിക്ക് ഐപിഎല്‍ സീസണ്‍ മുഴുവനായും നഷ്ടമാകും. പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. സഹപരിശീലകന്‍ സൈമണ്‍ കാറ്റിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ദീര്‍ഘനാളായി കളത്തിനു പുറത്തുള്ള നാഗര്‍കോട്ടിക്ക് പുറത്തേറ്റ പരിക്കാണ് തിരിച്ചടിയായത്. ഭാവിതാരമായതിനാല്‍ പേസറെ പരിക്ക് വകവയ്ക്കാതെ കളത്തിലിറക്കില്ലെന്നാണ് കൊല്‍ക്കത്ത പറയുന്നത്. കേരള താരം സന്ദീപ് വാര്യരെ പകരക്കാരനായി ടീമിലെടുത്തിട്ടുണ്ട്. എന്നാല്‍ ബിസിസിഐ അനുമതി ഇതുവരെ ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല.

നാഗര്‍കോട്ടിയുടെ അഭാവം കൊല്‍ക്കത്തയ്ക്ക് ഐപിഎല്ലില്‍ തിരിച്ചടിയാകും. 140 കിലോമീറ്റര്‍ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ കഴിവുള്ള താരമാണ് ഈ യുവതാരം. അതേസമയം സന്ദീപ് വാര്യര്‍ ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്. മറ്റൊരു പേസര്‍ ശിവം മാവിക്കും ഈ സീസണില്‍ പരിക്കുമൂലം കളിക്കാനാകില്ല.