SHARE

ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ നിന്ന് പിന്മാറിയ പ്രധാന താരങ്ങളിലൊരാളായിരുന്നു ഓസ്ട്രേലിയൻ പേസ് ബൗളർ കെയിൻ റിച്ചാർഡ്സൺ. മുൻ വർഷങ്ങളിൽ ഐപിഎൽ കളിക്കാനുണ്ടായിരുന്ന റിച്ചാർഡ്സണിന്റെ ടൂർണമെന്റിൽ നിന്നുള്ള പിന്മാറ്റം ക്രിക്കറ്റ് പ്രേമികളുടെയെല്ലാം നെറ്റി ചുളിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ അതിന് പിറകിലുള്ള കാരണം ഈ ഇരുപത്തിയേഴുകാരൻ തന്നെ വ്യക്തമാക്കിയിരിക്കുന്നു.

രണ്ട് കാരണങ്ങളാണ് ഈ വർഷത്തെ ഐ പി എൽ ഉപേക്ഷിക്കാൻ റിച്ചാർഡ്സണിനെ പ്രേരിപ്പിച്ചത്. ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ കളിച്ച് ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ കയറിപ്പറ്റുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. ഓസ്ട്രേലിയക്കായി 15 ഏകദിനങ്ങളിലും 5 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റ് ജേഴ്സിയണിയാൻ ഇതേ വരെ റിച്ചാർഡ്സണിന് കഴിഞ്ഞിട്ടില്ല. അതിന് ഒരു അവസാനം വരുത്തുക എന്നതാണ് താരത്തിന്റെ പ്രധാന ലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റിനെ അത്രയേറെ സ്നേഹിക്കുന്നുവെന്നും ഓസീസ് ടെസ്റ്റ് ടീമിലെത്തുക എന്നത് കുട്ടിക്കാലം മുതലെയുള്ള സ്വപ്നമാണെന്നും അദ്ദേഹം പറയുന്നു. അത് കൊണ്ടു തന്നെ ഷെഫീൽഡ് ഷീൽഡിൽ മികവ് തെളിയിച്ച് ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിലെത്തുന്നതിനാണ് ഐപിഎല്ലിനേക്കാളും പരിഗണന താരം നൽകുന്നത്.

ഐപിഎൽ ഒഴിവാക്കാൻ പ്രേരിപ്പിച്ച രണ്ടാമത്തെ കാരണം ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഓസീസ് പേസറുടെ വിവാഹമാണ്. ഐപിഎൽ എല്ലാ വർഷങ്ങളിലും ഉണ്ടെന്നും അടുത്ത വർഷം താൻ ഏതെങ്കിലും ഫ്രാഞ്ചസികളിൽ കളിക്കാനുണ്ടാകുമെന്നും റിച്ചാർഡ്സൺ പറയുന്നു. സാമ്പത്തികമായി നോക്കുകയാണെങ്കിൽ ഐപിഎൽ നിന്ന് പിന്മാറിയത് നഷ്ടമാണെന്ന് തോന്നാമെങ്കിലും തന്റെ ക്രിക്കറ്റ് കരിയറിന് ഇത് ഗുണം ചെയ്യുമെന്നും റിച്ചാർഡ്സൺ വിശ്വസിക്കുന്നു.

2013 ൽപൂനെ വാരിയേഴ്സിലൂടെയാണ് കെയിൻ റിച്ചാർഡ്സൺ ആദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ എത്തുന്നത്. പിന്നീട് രാജസ്ഥാൻ റോയൽസിൽ കളിച്ച അദ്ദേഹം 2016 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു.