SHARE

ഡെൽഹി ക്യാപിറ്റൽസിനെതിരെ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ പരാജയപ്പെട്ട സൺ റൈസേഴ്സ് ഹൈദരാബാദ് ഈ സീസൺ ഐപിഎല്ലിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ വിജയിക്കുമെന്ന് തോന്നിപ്പിച്ചതിന് ശേഷമായിരുന്നു ഹൈദരാബാദ് തോൽവിയേറ്റു വാങ്ങിയത്. മത്സരത്തിൽ 163 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഡെൽഹിയുടെ പതിനേഴാം ഓവർ വരെ മത്സരത്തിൽ ഇരു ടീമുകൾക്കും തുല്യ സാധ്യതയായിരുന്നു, എന്നാൽ ബേസിൽ തമ്പിഎറിഞ്ഞ പതിനെട്ടാം ഓവറിൽ 22 റൺസ് പിറന്നതോടെ കളി മാറി.

മികച്ച ഫോമിലുള്ള‌ ഖലീൽ‌ അഹമ്മദിന് പകരം ബേസിൽ തമ്പിക്ക് നിർണായകമായ പതിനെട്ടാം ഓവർ നൽകിയ നായക‌ൻ കെയിൻ വില്ല്യംസണിന്റെ തീരുമാനം ഹൈദരാബാദിന് തിരിച്ചടിയാവുകയായിരുന്നു. ആരാധകരുടെ നെറ്റി ചുളിപ്പിച്ച തീരുമാനം കൂടിയായിരുന്നു ഇത്. ഇപ്പോളിതാ തമ്പിക്ക് നിർണായക ഓവർ നൽകിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വില്ല്യംസൺ.

സ്ക്വയർ ലെഗിൽ നീളമേറിയ ബൗണ്ടറികൾ ഉള്ളതിനാൽ ഇടം കൈയ്യനേക്കാൾ ഫലപ്രദം വലംകൈ ബോളറായിരിക്കുമെന്ന് കരുതിയതായും അതിനാലാണ് ഖലീലിന് പകരം തമ്പിക്ക് ഓവർ നൽകിയതെന്നും വില്ല്യംസൺ പറയുന്നു. ബാറ്റ്സ്മാനിൽ ‌നിന്ന് പുറത്തേക്ക് പോകുന്ന രീതിയിൽ കട്ടറുകൾ എറിയുകയായിരുന്നു തങ്ങളുടെ തന്ത്രമെന്നും അതിന് ഇടം കൈയ്യൻ ബോളറേക്കാൾ നല്ലത് വലം കൈയ്യൻ ബോളറായിരിക്കുമെന്ന് കരുതിയതായും, എന്നാൽ ഋഷഭ് പന്തിന്റെ മാരക‌ബാറ്റിംഗ് തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ അനുവദിച്ചില്ലെന്നും വില്ല്യംസൺ കൂട്ടിച്ചേർത്തു.