SHARE

ഐ പി എല്‍ പതിനൊന്നാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ കരണ്‍ ശര്‍മ്മ. മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം ചെന്നൈയില്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ ആവേശത്തിലാണ് താരം. എന്നാല്‍ ചെന്നൈയില്‍ പരിചയ സമ്പന്നരായ നിരവധി താരങ്ങളുണ്ടെന്നും അവരോടൊപ്പം കളിച്ച്, കൂടുതല്‍ മികച്ച താരമാവുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും കരണ്‍ ശര്‍മ്മ പറഞ്ഞു.

‘ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ വലിയ ആവേശത്തിലാണ് ഞാന്‍, മികച്ച നായകനാണ് എം എസ് ധോണി, അദ്ദേഹത്തിന് കീഴില്‍ കളിക്കുന്നത്, ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിപ്പിച്ച് തരും, പരിചയസമ്പന്നരായ നിരവധി താരങ്ങള്‍ ചെന്നൈയിലുണ്ട്, അവര്‍ക്കൊപ്പം കളിച്ച് കൂടുതല്‍ മികച്ച താരമാവണം,’ – തന്റെ ലക്ഷ്യത്തെ കുറിച്ച് കരണ്‍ ശര്‍മ്മ പറഞ്ഞു.

ഐ പി എല്ലില്‍ ഇതുവരെ മുംബൈ ഇന്ത്യന്‍സിലും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലുമാണ് കരണ്‍ ശര്‍മ്മ കളിച്ചിട്ടുള്ളത്. 56 ഐ പി എല്‍ മത്സരങ്ങളില്‍ നിന്ന് 49 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. എന്നാല്‍ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 30കാരനായ താരത്തിന് അധികം അവസരം ലഭിച്ചിട്ടില്ല. ഒരു ടെസ്റ്റ് മത്സരവും രണ്ട് ഏകദിനങ്ങളും ഒരു ടി20യുമാണ് ഇതുവരെ ഇന്ത്യയക്കായി കരണ്‍ ശര്‍മ്മ കളിച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴിനാണ് ഐ പി എല്‍ ആരംഭിക്കുന്നത്.