SHARE

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സംഭവിച്ച പിഴവുകള്‍ക്ക് ആരാധകരോട് മാപ്പു ചോദിച്ച് ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ ലോറിസ് കരിയസ്. ട്വിറ്ററിലൂടെയാണ് താരം ആരാധകരോട് മാപ്പു ചോദിച്ചത്. റയല്‍ മഡ്രിഡിനെതിരെ നടന്ന ഫൈനല്‍ മത്സരത്തില്‍ 3-1നായിരുന്നു ലിവര്‍പൂളിന്റെ തോല്‍വി. ഗോള്‍ കീപ്പര്‍ ലോറിസ് കരിയസിന് സംഭവിച്ച പിഴവില്‍ നിന്നായിരുന്നു റയല്‍ ആദ്യ ഗോള്‍ നേടിയത്.

മത്സരത്തിന്റെ 51ാം മിനുട്ടില്‍ പന്തു കയ്യില്‍ ലഭിച്ച കരിയസ് അശ്രദ്ധമായി ത്രോ ചെയ്യുന്നതിനിടയില്‍ കാല് വെച്ച് കരീം ബെന്‍സമായാണ് റയലിനെ മുന്നിലെത്തിച്ചത്. പിന്നീട് മത്സരത്തിലെ അവസാന ഗോള്‍ പിറന്നതും ലോറിസിന്റെ പിഴവില്‍ നിന്നായിരുന്നു. ഗെരത് ബെയ്ല്‍ എടുത്ത ഷോട്ട് താരം തടുത്തിട്ടത് സ്വന്തം വലയിലേക്കായിരുന്നു. ഇതോടെ കണ്ണീരോടെയാണ് കരിയസ് മൈതാനം വിട്ടത്.

‘ ഇതുവരെ ശരിക്ക് ഉറങ്ങിയിട്ടില്ല, മൈതാനത്തില്‍ വെച്ച് നടന്ന ആ പിഴവുകള്‍ ഇപ്പോഴും മനസ്സില്‍ വന്നു കൊണ്ടിരിക്കുകയാണ്, സഹതാരങ്ങളോടും ആരാധകരോടും ടീം സ്റ്റാഫിനോടുമെല്ലാം മാപ്പു ചോദിക്കുന്നു, രണ്ടു പിഴവുകളാണ് ഞാന്‍ മത്സരത്തില്‍ വരുത്തിയത്’ – താരം ട്വിറ്ററില്‍ കുറിച്ചു.