SHARE

അടുത്ത മാസം നടക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള കർണാടക ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ സീനിയർ താരം മനീഷ് പാണ്ടെയാണ് ടൂർണമെന്റിൽ അവരെ നയിക്കുന്നത്. രവികുമാർ സമർത്ഥാണ് ഉപനായകൻ. കരുൺ നായർ, ശ്രേയസ് ഗോപാൽ അടക്കമുള്ള സൂപ്പർ താരങ്ങളും 20 അംഗ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

അതേ സമയം 737 റൺസോടെ വിജയ് ഹസാരെ ട്രോഫിയുടെ കഴിഞ്ഞ പതിപ്പിൽ കർണാടകയുടെ ഉയർന്ന റൺ വേട്ടക്കാരനായിരുന്ന ദേവ്ദത്ത് പടിക്കൽ ഇക്കുറി ടൂർണമെന്റിൽ കളിക്കാനുണ്ടാകില്ല. നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിനൊപ്പമാണ് അദ്ദേഹം എന്നതിനാലാണ് ഇത്. ദേവ്ദത്തിന്റെ അഭാവം കർണാടകക്ക് വലിയ തിരിച്ചടി തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല.

വിജയ് ഹസാരെ ട്രോഫിയിൽ തങ്ങളുടെ അഞ്ചാം കിരീടം ലക്ഷ്യം വെച്ചെത്തുന്ന കർണാടക എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇക്കുറി കളിക്കുന്നത്. അതിശക്തരായ തമിഴ്നാട്, മുംബൈ, ബറോഡ, ബെംഗാൾ, പുതുച്ചേരി എന്നിവരാണ് ഗ്രൂപ്പിൽ അവർക്കൊപ്പമുള്ളത്. ഡിസംബർ എട്ടിന് പുതുച്ചേരിക്കെതിരെയാണ് ടൂർണമെന്റിൽ അവരുടെ ആദ്യ മത്സരം.

കർണാടക ‌സ്ക്വാഡ് ഇങ്ങനെ – മനീഷ് പാണ്ടെ (ക്യാപ്റ്റൻ), രോഹൻ കദം, സമർത്ഥ് ആർ, കരുൺ നായർ, സിദ്ധാർത്ഥ് കെ വി, അഭിനവ് മനോഹർ, നിശ്ചൽ ഡി, ശരത് ബി ആർ, ശരത് ശ്രീനിവാസ്, സുചിത് ജെ, ശ്രേയസ് ഗോപാൽ, കെ സി കരിയപ്പ, റിതേഷ് ഭട്കൽ, പ്രവീൺ ഡൂബെ, വിദ്യാദർ പാട്ടീൽ, കൗശിക് വി, പ്രതീക് ജെയിൻ, ദർശൻ എം ബി, വൈശാഖ് വി, വെങ്കടേഷ് എം.