SHARE

മുഷ്താഖ് അലി ട്രോഫി ട്വന്റി-20 കിരീടം കര്‍ണാടകയ്ക്ക് സ്വന്തം. ഏകപക്ഷീയമായ ഫൈനലില്‍ മഹാരാഷ്ട്രയെ എട്ടുവിക്കറ്റിന് തകര്‍ത്താണ് കര്‍ണാടകയുടെ കിരീടനേട്ടം. ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് മത്സരം മഹാരാഷ്ട്രയില്‍ നിന്നും തട്ടിയെടുത്തത്. വെറും 57 പന്തില്‍ നിന്ന് ആറു ബൗണ്ടറിയും മൂന്നു സിക്‌സറുകളും ഉള്‍പ്പെടെയാണ് അഗര്‍വാള്‍ 85 റണ്‍സെടുത്തത്. സ്‌കോര്‍ മഹാരാഷ്ട്ര 155-4, കര്‍ണാടക 159-2 (18.3)

ആദ്യം ബാറ്റുചെയ്ത മഹാരാഷ്ട്രയ്ക്ക് ബാറ്റിംഗ് വിക്കറ്റില്‍ വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിക്കാത്തതാണ് അവര്‍ക്ക് തിരിച്ചടിയായത്. വിക്കറ്റുകള്‍ കാര്യമായി നഷ്ടപ്പെട്ടില്ലെങ്കിലും സ്‌കോര്‍ബോര്‍ഡ് അതിവേഗം ഉയര്‍ത്തുന്നതില്‍ ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടു. 41 പന്തില്‍ 69 റണ്‍സെടുത്ത നൗഷാദ് ഷെയ്ഖ് ആണ് ടോപ്‌സ്‌കോറര്‍. രാഹുല്‍ ത്രിപാതി 30 റണ്‍സെടുത്തു. മിഥുന്‍ രണ്ടുവിക്കറ്റുമായി കര്‍ണാടക നിരയില്‍ തിളങ്ങി.