SHARE

കൊല്‍ക്കത്തന്‍ നിരയില്‍ ഇന്ത്യന്‍ പേസര്‍ വിനയ് കുമാറിന്റെ മോശം പ്രകടനങ്ങളെ കുറിച്ച് ഇതിനകം തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. രണ്ടു മത്സരങ്ങളില്‍ നിന്നായി ആകെ 3.5 ഓവറുകളില്‍ നിന്ന് 65 റണ്‍സാണ് വിനയ് കുമാര്‍ വഴങ്ങിയത്. രണ്ടു മത്സരങ്ങളിലെ താരത്തിന്റെ എക്കണോമി റേറ്റ് 16.95 ആണെന്നതും ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ പേസ് ബോളിംഗിലെ ടീമിന്റെ ഭാവി തീരുമാനങ്ങളെ കുറിച്ച് സൂചന നല്‍കുകയാണ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക്.

‘ നല്ല സമ്മര്‍ദ്ദമുള്ള ഓവറുകളില്‍ വിനയ് കുമാര്‍ പന്തെറിഞ്ഞത്, അതു കൊണ്ടു തന്നെ കൂടുതല്‍ അതിനെ കുറിച്ച് പറയുന്നില്ല, എന്നാല്‍ അദ്ദേഹം ശക്തമായി തിരിച്ചുവരും, ആന്‍ഡ്രെ റസ്സല്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്, ആദ്യ മത്സരമെന്ന പരിഗണന നല്‍കിയാല്‍ ടോം കുറന്റെ പ്രകടനവും മികച്ചതാണെന്ന് പറയാം, മിച്ചല്‍ ജോണ്‍സണ്‍ പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തും, ശിവം മാവിയെയും കമലേഷ് നാഗകര്‍കോട്ടിയെയും പോലുള്ള യുവതാരങ്ങളുമുണ്ട്, അവര്‍ക്കും അവസരം ലഭിച്ചേക്കും’ – കാര്‍ത്തിക്ക് വ്യക്തമാക്കി.

അടുത്തിടെ ലോകകപ്പ് നേടിയ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ അംഗങ്ങളായിരുന്നു നാഗര്‍കോട്ടിയും ശിവം മാവിയും. താരലേലത്തില്‍ ഇരുവരെയും കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു. ഇരുവര്‍ക്കും കൊല്‍ക്കത്തയില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്. ശനിയാഴ്ച്ച രാത്രി എട്ടുമണിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.