SHARE

അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ദിനേഷ് കാര്‍ത്തിക്കിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ പകരക്കാരനായി ടീമിലെത്തിയ റിഷാഭ് പന്തിനാകട്ടെ കിട്ടിയ അവസരം വേണ്ടവിധത്തില്‍ ഉപയോഗിക്കാനുമായില്ല. കാര്‍ത്തിക്കിനെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നാല്‍ അതു മണ്ടത്തരമാകുമെന്ന് പറയുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സഹപരിശീലകന്‍ സൈമണ്‍ കാറ്റിച്ച്.

കൊല്‍ക്കത്തയുടെ നായകനാണ് ദിനേഷ് കാര്‍ത്തിക്. സമ്മര്‍ദ ഘട്ടങ്ങളില്‍ കാര്‍ത്തിക്കിന്റെ അനുഭവസമ്പത്തും കഴിവും വിലമതിക്കാനാകത്തതാണ്. ഇന്ത്യയ്ക്കായും ഞങ്ങള്‍ക്കുവേണ്ടിയും (ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി) നിരവധി മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ അദേഹം കളിച്ചിട്ടുണ്ട്. ഇന്നിംഗ്‌സിന്റെ അന്ത്യഘട്ടങ്ങളില്‍ അപകടകാരിയായ ബാറ്റ്‌സ്മാനാണ് കാര്‍ത്തിക്. അതുകൊണ്ട് തന്നെ ലോകകപ്പില്‍ അദേഹത്തിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ഗുണംചെയ്യും- മുന്‍ ഓസീസ് താരം കൂടിയായ കാറ്റിച്ച് പറയുന്നു.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര നേടിയ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രശംസിക്കാനും കാറ്റിച്ച് മറന്നില്ല. സ്വന്തം നാട്ടില്‍ പരമ്പര തോറ്റശേഷം ഇന്ത്യയില്‍ വന്ന് പിന്നില്‍ നിന്ന് കിരീടം നേടാനായത് ലോകകപ്പില്‍ ഗുണം ചെയ്യും. മുന്‍നിര ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റുവീശുന്നത് ശുഭസൂചനയാണ്. പ്രത്യേകിച്ച് ഉസ്മാന്‍ ഖവാജയും ആസ്റ്റണ്‍ ടേര്‍ണറും പുറത്തെടുത്ത പ്രകടനങ്ങള്‍. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തുന്നതോടെ ടീം കൂടുതല്‍ ശക്തരാകുമെന്നും കാറ്റിച്ച് അഭിപ്രായപ്പെട്ടു.