SHARE

രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ യുവ പേസർ കാർത്തിക് ത്യാഗി ക്രിക്കറ്റിലെ തന്റെ തുടക്ക കാലത്തെ ഓർമ്മിപ്പിക്കുന്നതായി മലയാളി പേസ് ബൗളർ എസ് ശ്രീശാന്ത്. ക്രിക്കറ്റ് അഡിക്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്ത് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

“കാർത്തിക്ക് ത്യാഗി എന്റെ ചെറുപ്പകാലത്തെ ഓർമ്മിപ്പിക്കുന്നു. ക്രിക്കറ്റിലെ ആദ്യ ദിന‌ങ്ങളിൽ എനിക്കുണ്ടായിരുന്നത് പോലെയുള്ള റണ്ണപ്പും, താളവുമാണ് അദ്ദേഹത്തിനുള്ളത്. ഞാൻ എം ആർ എഫ് പേസ് ഫൗണ്ടേഷനിൽ എത്തിയതിന് ശേഷം എന്റെ ആക്ഷനിൽ മാറ്റം വന്നു‌ എന്നാൽ കാർത്തിക് ത്യാഗിയുടെ ബോളിംഗിനോടുള്ള സമീപനവും, കുനിയുന്ന രീതിയുമെല്ലാം എന്റെ ആദ്യ കാല‌ങ്ങളെ ഓർമ്മിപ്പിക്കുന്നു.” ശ്രീശാന്ത് പറഞ്ഞു.

കാർത്തിക്ക് ത്യാഗി അതിശയകരമായ വേഗത കണ്ടെത്തുന്നതായി ചൂണ്ടിക്കാട്ടുന്ന ശ്രീശാന്ത്, നല്ല ബൗൺസ് കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ബോളിംഗ് ആക്ഷനും വളരെ മികച്ചതാണെന്നാണ് പറയുന്നത്. ഇഷാന്ത് ശർമ്മയുടെ ബോളിംഗിനോടും ചെറിയ സാമ്യം കാർത്തിക്കിനുണ്ടെന്നും, അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും സംസാരത്തിനിടെ ശ്രീശാന്ത് കൂട്ടിച്ചേർത്തു.