SHARE

ജമ്മു കശ്മീർ ഫുട്ബോളിലെ സൂപ്പർതാരം ഡാനിഷ് ഫാറൂഖ് ഐ.എസ്.എല്ലിലേക്ക്. സൂപ്പർ ക്ലബ് ബെം​ഗളുരു എഫ്.സിയിലൂടെയാണ് ഡാനിഷ് ഐ.എസ്,എൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ വെബ്സൈറ്റായ ഐ.എഫ്.ടി.ഡബ്ല്യു.സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഫോർവേഡായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കുന്ന ഡാനിഷ് റയൽ കശ്മീരിൽ നിന്ന് ഫ്രീ ട്രാൻസ്ഫറായാണ് ബെം​ഗളുരുവിലെത്തുന്നതെന്നാണ് റിപ്പോർട്ട്. ജമ്മു കശ്മീർ ബാങ്കിനായും പിന്നീട് ലോൺസ്റ്റാർ കശ്മീരിനായും കളിച്ച ഡാനിഷ് 2016-ലാണ് റയൽ കശ്മീരിലെത്തുന്നത്. ക്ലബിന് ഐ-ലീ​ഗിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുക്കുന്നതിൽ ഡാനിഷ് നിർണായകപങ്ക് വഹിച്ചു.

റയൽ കശ്മീരിനായി 70-ഓളം മത്സരം കളിച്ചിട്ടുള്ള ഡാനിഷ് 15 ​ഗോളുകൾ നേടി. ഇക്കഴിഞ്ഞ ഐ-ലീ​ഗിലും റയൽ കശ്മീരിനായി കളിച്ച ഡാനിഷ് മൂന്ന് ​ഗോളുകളാണ് നേടിയത്. മെഹ്റാജുദീൻ വാദു, ഇഷ്ഫാഖ് അഹമ്മദ് എന്നീ താരങ്ങൾ മാത്രമാണ് ഇതുവരെ കശ്മീരിൽ നിന്ന് ഐ.എസ്.എല്ലിൽ കളിച്ചിട്ടുള്ളത്. ഇപ്പോൾ ​ഗോവയിൽ കളിക്കുന്ന ഇഷാൻ പണ്ഡിതയ്ക്ക് കശ്മീരി വേരുകളുണ്ട്.