ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പുതുമുഖ താരമാണ് റോഷൻ സിങ്. ബെംഗളുരു എഫ്സിക്കായി കളിക്കുന്ന ഈ ഫുൾബാക്ക്, ഐഎസ്എല്ലിലെ എമർജിങ് പ്ലെയർ പുരസ്കാരം നേടിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ബഹ്റൈൻെതിരായ മത്സരത്തിൽ റോഷൻ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറുകയും ചെയ്തു.
ബഹ്റൈനെതിരായ മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും റോഷന്റെ പ്രകടനം ശ്രദ്ധ നേടി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ റോഷനാണ് ഇന്ത്യയുടെ ഏക ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിലെ റോഷന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് സഹപരിശലകൻ ഇഷ്ഫാഖ് അഹമ്മദ്, താരത്തിന് താൽപര്യമുണ്ടെങ്കിൽ ഇപ്പോൾ തന്നെ സൈൻ ചെയ്യുമെന്നും പറഞ്ഞു. ഇന്ത്യ-ബഹ്റൈൻ മത്സരത്തെക്കുറിച്ച് ഒരു യൂടൂബ് ചാനലിലെ വിശകലനത്തിൽ റോഷനെ ടീമിലെത്തിക്കാൻ ഇഷ്ഫാഖ് ശ്രമിക്കുമെന്ന് റെനഡി സിങ് തമാശയായി പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ഇഷ്ഫാഖ്.
ഞാൻ പറയുന്നു, റോഷന് ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ ഞങ്ങൾ ഇപ്പോൾ തന്നെ അദ്ദേഹത്തെ സൈൻ ചെയ്യും, റൈറ്റ് വിങ്ങറായും ലെഫ്റ്റ് വിങ്ങറായും റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിയുന്ന താരമാണ് റോഷൻ, പന്തിന്മേൽ നല്ല നിയന്ത്രണമുള്ള റോഷൻ എപ്പോഴും അസിസ്റ്റും ചെയ്യും, ആക്രമണത്തിനായി മുന്നേറാനും അതുപോലെ തന്നെ പ്രതിരോധത്തിനായി തിരിച്ചിറങ്ങാനും റോഷന് മികവുണ്ട്, ഇഷ്ഫാഖ് പറഞ്ഞു.