ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന് ഒരുങ്ങവെ കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി സഹപരിശീലകൻ സ്റ്റെഫാൻ വാൻ ഡെർ ഹെയ്ഡൻ ക്ലബ് വിട്ടു. ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം തന്നെയാണ് ക്ലബ് വിടുകയാണെന്ന കാര്യം അറിയിച്ചത്.
53-കാരനായ ഹെയ്ഡൻ ബെൽജിയത്തിൽ നിന്നുള്ള പരിശീലകനാണ്. കഴിഞ്ഞ ഐഎസ്എൽ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഹെയ്ഡൻ ബ്ലാസ്റ്റേഴ്സ് പരിശീലകസംഘത്തിന്റെ ഭാഗമാകുന്നത്. പാട്രിക് വാൻ കെറ്റ്സായിരുന്നു ആദ്യം ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി നിയമിക്കപ്പെട്ടത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം ക്ലബ് വിട്ടതോടെയാണ് പകരം ഹെയ്ഡനെത്തുന്നത്. പിന്നീട് ഐഎസ്എൽ ഫൈനൽ വരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ ഡഗ് ഔട്ടിൽ ഇവാൻ വുകോമനോവിച്ചിന്റെ വലംകൈയ്യായി പ്രവർത്തിച്ചത് ഹെയ്ഡനാണ്.
കേരളാ ബ്ലാസ്റ്റേഴ്സിലെത്തും മുമ്പ് ജോർദാൻ ദേശീയ ടീമിന്റെ സഹപരിശീലകനായിരുന്നു ഹെയ്ഡൻ. മൂന്ന് വർഷത്തോളമാണ് ആ ദൗത്യം അദ്ദേഹം നിർവഹിച്ചത്. സ്വന്തം നാടായ ബെൽജിയത്തിലേയും മാസിഡോണിയയിലേയും ക്ലബുകളിലും ഹെയ്ഡൻ സഹപരിശീലകനായിരുന്നു.