SHARE

ആറാം സീസൺ ഐ എസ് എല്ലിൽ തങ്ങളുടെ തുടർച്ചയായ രണ്ടാം ജയം നേടി കേരള‌ബ്ലാസ്റ്റേഴ്സ്. കരുത്തരായ എടികെയെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. എഴുപതാം മിനുറ്റിൽ ഹോളിചരൺ നാർസരിയാണ് കേരളത്തിന്റെ വിജയ ഗോൾ നേടിയത്. ഈ സീസണിൽ എടികെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാംജയമാണിത്. കൊച്ചിയിൽ വെച്ച് നടന്ന‌സീസണിന്റെ ഉദ്ഘാടന മത്സരത്തിലും ബ്ലാസ്റ്റേഴ്സ്, എടികെയെ പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തിന്റെ തുടക്കം ഇരു ടീമുകളുടേയും ഭാഗത്ത് നിന്ന് മാറി മാറി മുന്നേറ്റങ്ങൾ വന്നെങ്കിലും ഒരെണ്ണം പോലും അപകടരമായി മാറിയില്ല. പത്താം മിനുറ്റിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഹാൻഡ്ബോളിനായി അപ്പീൽ ചെയ്തെങ്കിലും റഫറി അത് നിഷേധിച്ചു‌. ഇരുപത് മിനുറ്റിനുള്ളിൽ രണ്ട് തവണ എടികെ കേരളത്തെ വിറപ്പിച്ച മുന്നേറ്റം നടത്തിയെങ്കിലും കൃത്യമായ ഇടപെടലിലൂടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ അപകടം ഒഴിവാക്കി.

ഇരുപത്തിയെട്ടാം മിനുറ്റിൽ കേരളം നടത്തിയ ഹാൻഡ്ബോൾ അപ്പീലിൽ റഫറി അനുകൂല‌വിധിയെടുത്തു. കേരളത്തിന് അനുകൂലമായി ഫ്രീകിക്ക്. എന്നാൽ കിക്കെടുത്ത സെയ്ത്യാസെൻ സിംഗിൽ നിന്ന് ലഭിച്ച പന്ത് മെസി ബൗളി ഗോൾ ലക്ഷ്യമാക്കി തൊടുത്തെങ്കിലും എതിരാളികളുടെ ദേഹത്ത് തട്ടി പുറത്തേക്ക് പോയി. മുപ്പത്തിയഞ്ചാം മിനുറ്റിൽ എടികെ മത്സരത്തിൽ മുന്നിലെത്തിയെന്ന് തോന്നിച്ചെങ്കിലും നായകൻ ഒഗ്ബെച്ചിയുടെ ഗോൾ ലൈൻ സേവ് ബ്ലാസ്റ്റേഴ്സിനെ രക്ഷപെടുത്തി. ആദ്യ പകുതിയിൽ കേരളം കൂടുതൽസമയം പന്ത് കൈവശപ്പെടുത്തി കളിച്ചെങ്കിലും കൂടുതൽ മികച്ച നീക്കങ്ങൾ നടത്തിയത് എടികെ ആയിരുന്നു.

ആദ്യ പകുതിയിലെ‌പോലെ രണ്ടാം പകുതിയുടെ തുടക്കവും ഇരു ടീമുകളും മുന്നേറ്റങ്ങൾ നടത്തി എതിർ ബോക്സിലേക്ക് എത്തിയെങ്കിലും ഗോളുകൾ മാത്രം പിറന്നില്ല.‌ എഴുപതാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. പോസ്റ്റിന് 30 വാര അകലെ നിന്ന് ഹോളിചരൺ നാർസരി തൊടുത്ത ബുള്ളറ്റ് ഷോട്ട് കൊൽക്കത്ത ഗോൾ കീപ്പറെ കീഴടക്കി വലയിൽ. ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ മുന്നിൽ (1-0). ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സിന്റെ കളി കൂടുതൽ മികച്ചതായി. ഇതോടെ എടികെ വലഞ്ഞു. പിന്നിൽ നിൽക്കുന്നതിന്റെ സമ്മർദ്ദം എടികെ യേയും ബാധിച്ചു. തുടർച്ചയായി അവർ ഫൗളുകൾ വരുത്താൻ തുടങ്ങി. ഇതോടെ കളി അല്പംപരുക്കനായി. മത്സരത്തിന്റെ അവസാന മിനുറ്റുകളായപ്പോൾ ഇരു ടീമുകളിലേയും താരങ്ങൾ പലതവണ വാക്കുതർക്കത്തിലേർപ്പെട്ടു. എടികെ പരിശീലകൻ ഹബാസിന് ഇതിനിടെ റഫറി ചുവപ്പ് കാർഡും നൽകി.