SHARE

പ്രീ സീസൺ സൗഹൃദപോരാട്ടത്തിൽ ഇന്ത്യൻ നേവിയെ തോൽപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. കൊച്ചിയിലെ പനമ്പള്ളി ന​ഗർ ​ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. 12-ന് മാർ അത്തനേഷ്യസ് കോളേജുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ജോർജ് പെരേയ്ര ഡയസ്, ചെൻചോ ജ്യെൽഷൻ, മാർക്കോ ലെസ്കോവിച്ച് എന്നീ മൂന്ന് വിദേശികളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മത്സരം തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. പത്താം മിനിറ്റിൽ ചെൻചോയാണ് വലകുലുക്കിയത്. തുടർന്നും ചെൻചോയുടേയും ഡയസിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ്, നേവി ബോക്സിലേക്ക് മുന്നേറിക്കൊണ്ടിരുന്നു. എന്നാൽ നേവി ടീമിന്റെ പ്രതിരോധം ഉറച്ചുനിന്നു.

രണ്ടാം പകുതിയിൽ ഡയസിന് പകരം സ്പാനിഷ് താരം അൽവാരോ വാസ്ക്വസ് കളത്തിലിറങ്ങി. ലൂണയും ​​ഗ്രൗണ്ടിലിറങ്ങി. ഇവർക്കൊപ്പം മലയാളി താരം കെപി രാ​ഹുൽ കൂടിയെത്തിയതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് മൂർച്ചകൂടി. കിടലൻ വൺടച്ചുകളും ഫ്ലിക്ക് പാസുകളുമായി വാസ്ക്വസ് മുൻനിരയിലെ കരുത്തുറ്റ സാന്നിധ്യമായി.

മത്സരത്തിന്റെ 80-ാം മിനിറ്റിൽ വാസ്ക്വസ് ​ഗോളിനടുത്തെത്തി. പക്ഷെ ഈ സ്ട്രൈക്കറുടെ ക്ലോസ് റേഞ്ച് ഷോട്ട് നേവി ​ഗോളി തടുത്തിട്ടു. എന്നാൽ 88-ാം മിനിറ്റിൽ വാസ്ക്വസ് തന്റെ വരവറിയിച്ചു. മികച്ച ടീം വർക്കിനൊടുവിൽ വാസ്ക്വസ് വലകുലുക്കി. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ വിജയവും ഉറപ്പായി.