SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത തോൽവി നേരിടേണ്ടിവന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പോരിൽ എതിരില്ലാത്ത ഒരു ​ഗോളിന് ഈസ്റ്റ് ബം​ഗാളാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ഐഎസ്എൽ ചരിത്രത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിനെതിരെ ഈസ്റ്റ് ബം​ഗാളിന്റെ ആദ്യ ജയമാണിത്.

മത്സരത്തിലെ തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഈസ്റ്റ് ബം​ഗാൾ ജയിക്കാൻ വേണ്ടി മാത്രമാണ് കളിച്ചതെന്ന് പറഞ്ഞു. മത്സരഫലത്തിൽ നിർണായകമായത് ഈസ്റ്റ് ബം​ഗാളിന്റെ പോരാട്ടവീര്യമായിരുന്നെന്നും ഇവാൻ കൂട്ടിച്ചേർത്തു.

ഞങ്ങളേക്കാൾ അധികം ഈ മത്സരത്തിൽ വിജയിക്കാൻ ആ​ഗ്രഹിച്ചത് ഈസ്റ്റ് ബം​ഗാളാണ്, കളിയിൽ നിർണായകമായത് ഇക്കാര്യമാണ്, ഞങ്ങളുടെ ടീമിന് ഇത് തികച്ചും നിരാശപ്പെടുത്തുന്ന ഒരു ദിവസമായിരുന്നു, ഇത്തരത്തിലുള്ള ടീമുകളെ നേരിടുമ്പോൾ ഓരോ ഡ്യുവലുകളിലും പന്തിനായുള്ള പോരാട്ടങ്ങളിലും അവരോട് ഒപ്പം നിൽക്കാൻ കഴിയണം, എന്നാലെ പോയിന്റുകൾ നേടാനാകു, അക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്, ഇവാൻ പറഞ്ഞു.