SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ പോയിന്റ് പട്ടികയിൽ കേരളാ ബ്ലാസ്റ്റേഴ്സിപ്പോൾ ഒന്നാമതാണ്. അധികമൊന്നും ആരാധകർ പ്രതീക്ഷിക്കാത്ത ഒരു നേട്ടമാണ് ബ്ലാസ്റ്റേഴ്സ് കൈവരിച്ചത്. സെർബിയൻ-ബെൽജിയൻ പരിശീലകനായ ഇവാൻ വുമോമനോവിച്ചിനാണ് ഈ തകർപ്പൻ പ്രകടനത്തിന്റെ ക്രെഡിറ്റ് മുഴുവൻ.

സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഉജ്ജ്വലപ്രകടനത്തോടെ എന്തുവന്നാലും അടുത്ത സീസണിലും ഇവാനെ നിലനിർത്തണമെന്ന് ആരാധകരുടെ ഇടയിൽ ആവശ്യമുയർന്നുകഴിഞ്ഞു. എങ്കിലും ഐഎസ്എല്ലിലെ തന്നെ മറ്റ് വൻ ക്ലബുകൾ ഇവാനെ തേടിയെത്തുമോയെന്ന ആശങ്കയും ആരാധകരിലുണ്ട്. എന്നാൽ അത്തരമൊരു ആശങ്കയും ആരാധകർക്ക് വേണ്ട എന്നാണ് ഇവാൻ നൽകുന്ന സൂചന. പണത്തിന് പിന്നാലെ താൻ പോകില്ല എന്നാണ് ഇതേക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇവാൻ പറഞ്ഞത്.

എന്റെ മാതാപിതാക്കൾ എപ്പോഴും പറയാറുണ്ട്, ചില കാര്യങ്ങൾ പണം കൊണ്ട് സ്വന്തമാക്കാനാകില്ല എന്ന്, അഭിമാനം, വ്യക്തിത്വം തുടങ്ങിയ കാര്യങ്ങളാണത്, ഞാൻ ബ്ലാസ്റ്റേഴ്സിൽ വളരെയധികം സന്തോഷവാനാണ്, മാനേജ്മെന്റുമായും നല്ല ബന്ധത്തിലാണ്, അതുകൊണ്ട് തന്നെ മറ്റൊരു ക്ലബിലേക്ക് പോകാൻ ഒരു സാധ്യതയുമില്ല, ഇവാൻ പറഞ്ഞു.