SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ എട്ടാം സീസണിനായി തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഏറ്റവുമധികം ഉറ്റുനോക്കുന്ന ഒരു താരമാണ് മലയാളിയായ സഹൽ അബ്ദുൾ സമദ്. മുമ്പ് ഐഎസ്എല്ലിലെ എമർജിങ് താരത്തിനുള്ള പുരസ്കാരം നേടിയിട്ടുള്ള സഹലിന് എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല.

എൽക്കോ ഷട്ടോരിക്ക് കീഴിൽ മിക്കവാറും ആദ്യ ഇലവനിൽ നിന്ന് പുറത്തായ സഹലിന് കഴിഞ്ഞ സീസണിൽ പരിശീലകൻ മാറിയെത്തിയിട്ടും വേണ്ടവിധത്തിൽ മികവ് പുലർത്താനായില്ല. ഇക്കുറി മറ്റൊരു പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് കീഴിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ സഹൽ പഴയ മികവ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ദേശീയ ടീം ക്യാംപും പരുക്കും കാരണം ഇക്കുറി ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണിലും ഡ്യൂറാൻഡ് കപ്പിലും കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. എന്നാൽ ഐഎസ്എല്ലിൽ ഇതിന് മാറ്റമുണ്ടാകുമെന്ന സൂചനയാണ് ഇവാൻ നൽകുന്നത്.

സഹൽ ഇക്കുറി വിവിധ പൊസിഷനുകളിലാകും കളിക്കുക, ടീമിലെ എല്ലാ കളിക്കാർക്കും അവരവരുടേതായ റോളുകളുണ്ട്, കേരളാ ബ്ലാസ്റ്റേഴ്സിന്റേയും ഇന്ത്യൻ ദേശീയ ടീമിന്റേയും ഏറ്റവും പ്രധാന താരമാകാനുള്ള എല്ലാ കഴിവും സഹലിനുണ്ട്, അതുകൊണ്ട് തന്നെ സഹലിന് ഏറ്റവും അനുയോജ്യമായ റോൾ തന്നെ ഞങ്ങൾ തയ്യാറാക്കും, ഇവാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.