SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഒഡിഷ എഫ്സിക്കെതിരെ വിജയിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ലീ​ഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഒപ്പം സീസണിൽ തുടർച്ചയായി പത്ത് മത്സരങ്ങളിലേക്ക് നീണ്ടു ബ്ലാസ്റ്റേഴ്സിന്റെ തോൽവിയറിയാക്കുതിപ്പ്.

ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ പ്രകടനത്തിന്റെ ക്രെഡിറ്റ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനാണ്. ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ സീസണിൽ തന്നെ ഇത്ര ​ഗംഭീര പ്രകടനം നടത്താൻ ഇവാൻ സാധിച്ചു. ഇവാന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഒത്തിണക്കത്തോടെ കളിക്കുന്നത് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നു. എപ്പോഴും ആസ്വദിച്ച് കളിക്കാനാണ് താൻ ടീമിലെ താരങ്ങളോട് പറയുന്നതെന്നാണ് ഇതേക്കുറിച്ച് ഇവാൻ വിശദീകരിച്ചത്. ഇന്നലെ മത്സരേശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഇവാൻ ഇക്കാര്യം പറഞ്ഞത്.

തുടക്കം മുതൽ ഒരു സമ്മർദവും ഞങ്ങളെ ബാധിക്കാൻ ഞങ്ങൾ അനുവദിച്ചില്ല, ഞാൻ എപ്പോഴും പറയുന്നത് ഫുട്ബോൾ എന്നത് സന്തോഷവും ആനന്ദവുമാണെന്നാണ്, അതുകൊണ്ട് തന്നെ കളിക്കളത്തിൽ ആസ്വദിച്ച് പന്ത് തട്ടുക എന്നാണ് കളിക്കാരോട് പറഞ്ഞത്, ഒന്നിച്ച് കളിക്കുമ്പോൾ അതിൽ സന്തോഷം കണ്ടെത്താനാകുന്നില്ലെങ്കിൽ എന്തോ കുഴപ്പമുണ്ടെന്നാണ് അർഥം, ഇവിടെ പ്രീ സീസൺ പരിശീലനം തുടങ്ങിയതുമുതൽ കളിക്കളത്തിൽ സന്തോഷവും പോസിറ്റീവ് എനർജിയും നിലനിർത്താണ് ഞങ്ങൾ ആ​ഗ്രഹിച്ചത്, കാരണം ടീമിനെ സമ്മർദം പിടികൂടിത്തുടങ്ങിയാൽ പിന്നെ മികച്ച ഒത്തണിക്കമുള്ള ഒരു സംഘത്തെ വാർത്തെടുക്കുക പ്രയാസമാണ്, ഇവാൻ പറഞ്ഞു.