ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് പിന്നാലെ റിസർവ് ടീമുകൾ പങ്കെടുത്ത ഡെവ്ലപ്മെന്റ് ലീഗും വിജയകരമായി പൂർത്തിയാക്കി. ഗോവയിൽ നടന്ന ഈ ലീഗിൽ ബെംഗളുരു എഫ്സിയാണ് കിരീടമുയർത്തിയത്. കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനക്കാരുമായി. ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളുറപ്പിച്ചതോടെ ഊ രണ്ട് ടീമുകളും ഈ വർഷമവസാനം യുകെയിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിനും യോഗ്യത നേടി.
ഏഴ് ഐഎസ്എൽ ക്ലബുകളുടേതടക്കം എട്ട് ടീമുകളാണ് ഡെവ്ലപ്മെന്റ് ലീഗിന്റെ ഉദ്ഘാടന സീസണിൽ പങ്കെടുത്തത്. അടുത്ത വർഷം മുതൽ ലീഗിൽ ടീമുകളുടെ എണ്ണം കൂട്ടാനുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന. ഇതിനിടെ ഡെവ്ലപ്മെന്റ് ലീഗിന്റെ സംഘാടനത്തെ പ്രശംസിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്.
ഞാൻ എപ്പോഴും പറയാറുണ്ട് യൂത്ത് ഡെവ്ലപ്മെന്റിൽ ശ്രദ്ധിക്കുന്നതാണ് ശരിയായ കാര്യമെന്ന്, യുവതാരങ്ങളെ വളർത്തിയെടുക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് പുരോഗതി കൊണ്ടുവരും, ഡെവ്ലപ്മെന്റ് ലീഗ് ഒരു വലിയ സംഭവം തന്നെയാണ്, യുവതാരങ്ങൾക്ക് സ്വയം വെളിപ്പെടുത്താനും അവരുടെ മികവ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും ലഭിച്ച അവസരമായിരുന്നു ഇത്, ഈ ലീഗ് സംഘടിപ്പിക്കാൻ നേതൃത്വം വഹിച്ച എല്ലാവരേയും ഞാൻ അഭിനന്ദിക്കുന്നു, ഇവാൻ ഒറു വിഡീയോ സന്ദേശത്തിൽ പറഞ്ഞു.