SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് വിദേശസൈനിങ്ങുകൾ പൂർത്തിയാക്കിയതായി സൂചന. ക്ലബ് പരിശീലകൻ ഇവാൻ വുകോമനോവിച്ചാണ് ഇത്തരമൊരു സൂചന നൽകിയത്. ഡ്യൂറാൻഡ് കപ്പിൽ ബെ​ഗംളുരു എഫ്സിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളത്തിലാണ് അടുത്തയാഴ്ചയോടെ ആറാം വിദേശതാരത്തേയും അറിയാനാകുമെന്ന് ഇവാൻ പറഞ്ഞത്.

ബോസ്നിയൻ സെന്റർബാക്ക് എനെസ് സിപോവിച്ച്, യുറു​ഗ്വായ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ, ഭൂട്ടാനീസ് വിങ്ങർ ചെൻചോ ജ്യെൽഷെൻ,അർജന്റൈൻ ഫേർവേ‍ഡ് ജോർജ് പെരേയ്ര ഡയസ്, സ്പാനിഷ് ഫോർവേഡ് അൽവാരോ വാസ്ക്വസ് എന്നിവരാണ് ഇതിനകം ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത വിദേശികൾ. ഇതിൽ സിപോവിച്ചും ലൂണയും ചെൻചോയും ഇപ്പോൾ ഡ്യൂറാൻഡ് കപ്പിനായുള്ള ടീമിനൊപ്പമുണ്ട്. ഡയസും സ്ക്വാ‍ഡിലുണ്ടെങ്കിലും ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. വാസ്ക്വസും ഇന്ത്യയിലെത്തിയിട്ടില്ല.

ഡയസിന്റേയും വാസ്ക്വസിന്റേയും ഇന്ത്യയിലേക്കുള്ള വരവ് ഈയാഴ്ചയുണ്ടായേക്കുമെന്നാണ് ഇവാൻ പറഞ്ഞത്. ഈ ആഴ്ച അവസാനത്തോടെ ഇവരുടെ വരവിനായുള്ള വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് ഇവാൻ അറിയിച്ചത്. വിസാ നടപടികൾ പൂർത്തിയായാൽ ഇവർ ഇന്ത്യയിലേക്ക് തിരിക്കാൻ വൈകില്ലന്നാണ് സൂചന.

ഇതിനുപുറമെയാണ് അവസാന വിദേശതാരത്തിന്റെ കാര്യത്തിലും ഇവാൻ സൂചന നൽകിയത്. അടുത്തയാഴ്ചയോടെ ആറാം വിദേശതാരം ആരെന്ന് വ്യക്തമാകുമെന്നാണ് ഇവാൻ പറഞ്ഞത്. ഈ താരത്തെക്കുറിച്ച് ഇവാൻ സൂചനകളൊന്നും നൽകിയിട്ടില്ല. സെന്റർ ബാക്ക് അല്ലെങ്കിൽ ഡിഫൻസീവ് മിഡ്ഫിൽഡ് പൊസിഷനിലേക്കാകും ഈ താരമെത്തുകയെന്നാണ് റിപ്പോർട്ടുകൾ.