SHARE

സാധാരണ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു മത്സരം തോറ്റാൽ, സോഷ്യൽ മീഡിയ രൂക്ഷപ്രതികരണങ്ങൾ കൊണ്ടു നിറയാറുണ്ട്. എന്നാൽ ഇന്നലെ ഡെൽഹി എഫ്സിയോട് തോറ്റ് ബ്ലാസ്റ്റേഴ്സ് ഡ്യൂറാൻഡ് കപ്പിൽ നിന്ന് പുറത്തായപ്പോൾ ആരാധകരുടെ പ്രതികരണം മറ്റൊന്നായിരുന്നു. പുറത്തായത് നന്നായി, ഇനി എത്രയും വേ​ഗം ​ഗോവയിലെത്തി ഐഎസ്എല്ലിന് തയ്യാറെടുക്കാനാണ് ആരാധകർ ആവശ്യപ്പെടുന്നത്.

ഡ്യൂറാൻഡ് കപ്പ് നടക്കുന്ന ​ഗ്രൗണ്ടുകളുടെ പരിതാപകരമായ അവസ്ഥയും കളിക്കാർക്ക് പരുക്കേൽക്കാനുള്ള സാധ്യതയുമാണ്, ഈ തോൽവി അനു​ഗ്രഹമാണെന്ന് കരുതാൻ ആരാധകരെ പ്രേരിപ്പിച്ചത്. എന്നാൽ ടൂർണമെന്റ് സംഘാടനത്തെ കുറ്റം പറഞ്ഞ് നിസാരമായി മറന്നുകളയാവുന്ന ഒന്നല്ല ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറാൻഡ് കപ്പ് പങ്കാളിത്തം.

നാല് വിദേശതാരങ്ങളുള്ള ഏറ്റവും മികച്ച സ്ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറാൻഡ് കപ്പിന് നിശ്ചയിച്ചത്. വിദേശികൾക്ക് മറ്റ് താരങ്ങളുമായി പൊരുത്തപ്പെടാനുള്ള അവസരവും ഐഎസ്എല്ലിന് മുമ്പായി ഒരു ​പ്രധാന ടൂർണമെന്റ് നൽകുന്ന പരിചയസമ്പത്തുമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ടത്. എന്നാൽ ഇത് രണ്ടും കാര്യമായി ബ്ലാസ്റ്റേഴ്സിന് ലഭിച്ചില്ല എന്ന് പറയാം.

അഡ്രിയാൻ ലൂണ, എനെസ് സിപോവിച്, ചെൻചോ ജ്യെൽഷൻ, ജോർജ് പെരേയ്ര ഡയസ് എന്നിവരാണ് സ്ക്വാഡിലുൾപ്പെട്ട വിദേശികൾ. ഇതിൽ ഡയസ് ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടുപോലുമില്ല. ഡയസിന് എപ്പോൾ ഇന്ത്യയിലെത്താൻ കഴിയുമെന്ന് വ്യക്തമാകാതെയാണ് സ്ക്വാഡ് പ്രഖ്യാപിച്ചത്. ചെൻചോയാകട്ടെ ഇന്നലത്തെ മത്സരത്തിലെ കുറച്ച് മിനിറ്റുകളിൽ മാത്രമാണ് ആകെ കളിച്ചത്. ചുരുക്കിപ്പറഞ്ഞാൽ കൊച്ചിയിലെ പ്രീസീസൺ മുതൽ ടീമിലുള്ള ലൂണയ്ക്കും സിപോവിച്ചിനുമല്ലാതെ മറ്റ് വിദേശികൾക്ക് ഇതുവരെ ടീമിനെ അടുത്തറിയാൻ അവസരം ലഭിച്ചില്ല. യുവതാരങ്ങൾക്ക് കുറച്ച് മിനിറ്റുകൾ കളിക്കാനായെന്നതാണ് ഡ്യൂറാൻഡ് കപ്പിലെ പങ്കാളിത്തത്തിന്റെ നല്ലവശം

മഴയും പരിശീലന​ഗ്രൗണ്ടിലെ പ്രശ്നങ്ങളും കാരണം അഞ്ച് ദിവസം മാത്രമാണ് പരിശീലിച്ചതെന്നാണ് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞത്. ഇതിൽ ചെൻചോയ്ക്കും മലയാളി താരം സഹൽ അഭ്ദുൾ സമദിനും ഒരു ദിവസം മാത്രമെ കിട്ടിയുള്ളു. ഡ്യൂറാൻഡ് കപ്പിനുള്ള സ്ക്വാഡിൽ നിന്ന് കാര്യമായ മാറ്റം ഐഎസ്എൽ സ്ക്വാഡിൽ ഉണ്ടായേക്കില്ല. ഈ താരങ്ങളെല്ലാം ഒന്നിച്ചുണ്ടായിട്ടും കാര്യമായ പരിശീലനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു മാസത്തോളം ബ്ലാസ്റ്റേഴ്സിന് വെറുതെ പോയി എന്ന് പറയേണ്ടിവരും.

കളിക്കളത്തിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ഫിനിഷിങ്ങലെ പോരായമ് വ്യക്തമാണ്. വിദേശസ്ട്രൈക്കർമാർ ടീമിനൊപ്പമില്ല എന്ന് ന്യായീകരിക്കാമെങ്കിലും പകരമാര് എന്ന് ചോദ്യം പ്രസക്തമാണ്. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസമാണ് സുഭ ​ഘോഷ്, മഹേഷ് സിങ് എന്നീ ഇന്ത്യൻ സ്ട്രൈക്കർമാരെ ബ്ലാസ്റ്റേഴ്സ് ലോണിൽ വിട്ടത്. മലയാളി താരം വിഎസ് ശ്രീക്കുട്ടൻ മാത്രമാണ് ശേഷിക്കുന്ന ഇന്ത്യൻ സ്ട്രൈക്കർ. രണ്ട് സ്ട്രൈക്കർമാരുമായി കളിക്കുന്ന ശൈലിയാണ് ഇവാന്റേത്. ഡ്യൂറാൻഡ് കപ്പിൽ വിങ്ങറായ കെപി രാഹുലിനേയും ലൂണയേയുമാണ് ഇവാൻ ഈ ചുമതലയേൽപ്പിച്ചത്. ശ്രീക്കുട്ടൻ ആദ്യ ഇലവനിലിറങ്ങിയത് ഒരു മത്സരത്തിൽ മാത്രം.

ഡയസും അൽവാരോ വാസ്ക്വസും എത്തുന്നതോടെ മുൻനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ അപ്പോഴും ഇവരിലൊരാൾക്ക് പരുക്കേൽക്കുകയോ മറ്റോ സംഭവിച്ചാൽ പകരം ശ്രീക്കുട്ടനല്ലാതെ പരിചയസമ്പന്നനായ സ്ട്രൈക്കർ ഇല്ല എന്നത് പ്രധാനമാണ്.

ബെം​ഗളുരു എഫ്സിയോടേറ്റ തോൽവി ബ്ലാസ്റ്റേഴ്സിന് വലിയ പാഠമാണ്. രണ്ട് വിദേശികളടങ്ങിയ സീനിയർ ടീമിനെയാണ് ബെം​ഗളുരുവിന്റെ റിസർവ് നിര തകർത്തത്. ബ്ലാസ്റ്റേഴ്സിന്റെ എല്ലാ പോരായ്മളും വെളിപ്പെട്ട ഒരു മത്സരമായിരുന്നു അത്. മത്സരത്തിൽ മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ചുവപ്പുകാർഡ് കണ്ടതും പ്രധാനപ്പെട്ടതാണ്.

ഡ്യൂറാൻഡ് കപ്പിനെ പ്രീ സീസണിന്റെ ഭാ​ഗമായാണ് ഇവാൻ കണ്ടത്. അത് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് ആരാധകർ ആ​ഗ്രഹിക്കുന്നതും ഐഎസ്എല്ലിലെ മികവാണ്. അതിനാൽ തന്നെ ഡ്യൂറാൻഡ് കപ്പിലെ പുറത്താകലിന്റെ പേരിൽ ഇവാനെ വിധിക്കാനാകില്ല.

ഡ്യൂറാൻഡ് കപ്പല്ല ഐഎസ്എൽ. ​ഗോവ, മുംബൈ സിറ്റി, എടികെ മോഹൻ ബ​ഗാൻ തുടങ്ങിയ കരുത്തരാണ് അവടെ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. ഐഎസഎല്ലിന് മുന്നോടിയായി പ്രതീക്ഷിച്ചുപോലെ ഒരു തയ്യാറെടുപ്പ് ബ്ലാസ്റ്റേഴ്സിനെ ഡ്യൂറാൻഡ് കപ്പിൽ നിന്ന് കിട്ടിയില്ല. എങ്കിലും നേരിട്ട തിരിച്ചടികളിൽ ഏറെ പഠിച്ച്, പ്രശ്നങ്ങൾ പരിഹരിച്ച് അടുത്ത കുറേ ആഴ്ചകൾകൊണ്ട് ബ്ലാസ്റ്റേഴ്സ് കരുത്തരാകുമെന്ന് പ്രതീക്ഷിക്കാം.