SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലേക്കായുള്ള സൈനിങ്ങുകളുടെ തിരക്കിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്. യുറു​ഗ്വെ താരം അഡ്രിയാൻ ലൂണ, ബോസ്നിയൻ താരം എനെസ് സിപോവിച്ച് എന്നിവർ ഇതിനകം ബ്ലാസ്റ്റേഴ്സിലെത്തി. മറ്റ് സൈനിങ്ങുകളും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.

മുൻ സീസണിലേതുപോലെ അഭ്യൂഹങ്ങൾക്കൊന്നും ഇക്കുറി ബ്ലാസ്റ്റേഴ്സ് അവസരം നൽകുന്നില്ല. അപ്രതീക്ഷിത പ്രഖ്യാപനങ്ങളാണ് ഇതുവരെ നടന്നത്. എന്നാൽ ഇതിനിടെ പുറത്തുവരുന്ന ചില സൂചനകൾ പ്രകാരം സ്പാനിഷ് താരം ഹെർനൻ സെന്റാനയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് അവസരമുണ്ടായിരുന്നെങ്കിലും ക്ലബ് അത് വേണ്ടന്നുവച്ചു. മധ്യനിരതാരമായ സന്റാനയെ ബ്ലാസ്റ്റേഴ്സിന് ഓഫർ ചെയ്തതെങ്കിലും താരത്തെ സൈൻ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്സ് താൽപര്യമുണ്ടായിരുന്നില്ലെന്ന് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് അറിയിച്ചത്. ഒരു ക്ലബ് ഹൗസ് ചർച്ചയിൽ മാർക്കസ് ഇത് പറഞ്ഞതായി സെവൻസ് ഫുട്ബോൾ ട്വീറ്റ് ചെയ്തു.

സ്പാനിഷ് ക്ലബ് സ്പോർട്ടിങ് ജിജോണിൽ നിന്ന് ലോണിലാണ് കഴിഞ്ഞ സീസണിൽ സന്റാന മുംബൈയ്ക്കായി കളിച്ചത്. മിഡ്ഫീൽഡറായും സെന്റർ ബാക്കായും മികച്ച പ്രകടനമാണ് സന്റാന നടത്തിയത്. ഈ രണ്ട് പൊസിഷനിൽ കളിക്കാൻ കഴിയുന്ന ഒരു വിദേശതാരത്തെ ഇക്കുറി ബ്ലാസ്റ്റേഴ്സും നോട്ടമിടുന്നുണ്ട്. സന്റാന ഇക്കാര്യത്തിൽ മികച്ച ചോയിസുമാണ്. പക്ഷെ ബ്ലാസ്റ്റേഴ്സ് താരത്തെ വേണ്ടന്നുവച്ചതിന് കാരണം വ്യക്തമല്ല.

30-കാരനായ സന്റാന പത്ത് വർഷത്തോളം സ്പെയിനിൽ കളിച്ചശേഷമാണ് ഇന്ത്യയിലേക്ക് വന്നത്. ഒരു സീസൺ ലോണിൽ മുംബൈയിലെത്തിയ താരത്തിന്റെ കരാർ അവസാനിച്ചു. ഇത് പുതുക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് സൂചനകൾ.