SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ എട്ടാം സീസണിന് തയ്യാറെടുക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ദിവസം പ്രീ സീസൺ തുടങ്ങിയ ക്ലബിൽ ഇനിയും വിദേശസൈനിങ്ങുകൾ ബാക്കിയുണ്ട്. യുറു​ഗ്വെ താരം അഡ്രിയാൻ ലൂണ, ബോസ്നിയൻ താരം എനെസ് സിപോവിച്ച് എന്നിവരാണ് ഇതിനകം ക്ലബിൽ ചേർന്ന വി​ദേശികൾ.

പതിവിന് വിപരീതമായി ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ഇക്കുറി രഹസ്യമാണ്. കാര്യമായ അഭ്യൂഹങ്ങൾക്കൊന്നും അവർ ഇക്കുറി ഇടനൽകിയിട്ടില്ല. എങ്കിലും ചില സൂചനകൾ പുറത്തുവരുന്നുണ്ട്. അർജന്റൈൻ താരം ജോർജ് പെരേയ്ര ഡയസിന്റെ പേരാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ഉയരുന്നത്. ഈ അർജന്റൈൻ ഫോർവേഡ് ബ്ലാസ്റ്റേഴ്സിലെത്തുമോയെന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സ് ഡയസുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും ക്ലബിൽ ചേരുമെയെന്ന കാര്യം ഉറപ്പായിട്ടില്ലെന്നാണ് ഖേൽ നൗവിനായി എഴുതുന്ന ഹരി​ഗോവിന്ദ് തോയക്കാട്ട് അറിയിച്ചത്.

ഡയസുമായി ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തുകയാണ്, എന്നാൽ തരവുമായുള്ള ചർച്ചകൾ അധികമൊന്നും മുന്നോട്ടുപോയിട്ടില്ല, നിലവിൽ കളിക്കുന്ന ക്ലബുമായി ഡയസിന് കുറച്ച് മാസത്തേക്ക് കൂടി കരാർ ബാക്കിയുണ്ട്, ആ ക്ലബിൽ നിന്ന് ഡയസിനെ റിലീസ് ചെയ്യുകയാണെങ്കിൽ താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാനുള്ള സാധ്യതയുണ്ട്, അദ്ദേഹം ട്വീറ്റ് ചെയ്തു.