SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിനായി ​ഗോവയിലേക്ക് പുറപ്പെടും മുമ്പുള്ള അവസാന പ്രീ സീസൺ പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേസ് ഇന്ന് മാർ അത്താനേഷ്യസ് ഫുട്ബോൾ അക്കാദമിയെ നേരിടുന്നു. വൈകിട്ട് നാലിനാണ് മത്സരം. കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ നേവിയെ വീഴ്ത്തിയിരുന്നു.

കഴിഞ്ഞ മത്സരത്തിൽ നിന്ന് ഏറെ മാറ്റങ്ങൾ വരുത്തിയ ആദ്യ ഇലവനാണിന്ന് ബ്ലാസ്റ്റേഴ്സിന്റേത്. സച്ചിൻ സുരേഷാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ​ഗോൾവല കാക്കുന്നത്. ദെനെചന്ദ്ര മീത്തെ തന്നെയാണ് ലെഫ്റ്റ് ബാക്കായി കളിക്കുന്നത്. മലയാളി താരം വി.ബിജോയിയും റൂയിവ ഹോർമിപാമുമാണ് സെന്റർബാക്കുകൾ. കഴിഞ്ഞ മത്സരത്തിൽ മികവ് തെളിയിച്ച വിൻസി ബാരെറ്റോ റൈറ്റ് ബാക്കിയി കളിക്കും.

ഹർമൻജ്യോത് ഖബ്ര, ​ഗിവ്സൻ സിങ് എന്നിവരാണ് മിഡ്ഫീൽഡർമാർ. സെയ്ത്യാസെൻ സിങ്, മലയാളി താരം കെപി രാഹുൽ എന്നിവർ വിങ്ങിൽ കളിക്കും. അർജന്റൈൻ താപം ജോർജ് പെരേയ്ര ഡയസ്, അഡ്രിയാൻ ലൂണ എന്നിവരാണ് മുന്നേറ്റനിരയിലുള്ളത്.

സ്പാനിഷ് താരം അൽവാരോ വാസ്ക്വസ്, ക്രൊയേഷ്യൻ പ്രതിരോധതാരം മാർക്കോ ലെസ്കോവിച്ച്, ഭൂട്ടാനീസ് വിങ്ങർ ചെൻചോ ജ്യെൽഷൻ എന്നീ വിദേശികൾ പകരക്കാരുടെ നിരയിലുണ്ട്. മലയാളി താരങ്ങളായ കെ.പ്രശാന്ത്, വിഎസ് ശ്രീക്കുട്ടൻ, അബ്ദുൾ ഹക്കു എന്നിവരും ബെഞ്ചിലുണ്ട്.