SHARE

ഡ്യൂറാൻഡ് കപ്പിൽ ബെ​ഗംളുരു എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് നിർണായക മത്സരത്തിന് ഇറങ്ങുകയാണ്. ഇന്ത്യൻ നേവിയെ ആദ്യ മത്സരത്തിൽ തോൽപ്പിച്ച ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചാൽ ക്വാർട്ടർ പ്രവേശനം ഉറപ്പിക്കാം. അതേസമയം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ആ​ദ്യ ഇലവനിൽ വൻ മാറ്റങ്ങളുണ്ട്.

​ഗോൾക്കീപ്പർ അൽബിനോ ​ഗോമസാണ് ഇന്ന് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത്. ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോയും സീനിയർ താരം ഹർമൻജ്യോത് ഖബ്രയും പകരക്കാരുടെ നിരയിലായതിനാലാണ് ​ഗോമസ് ആംബാൻഡ് അണിയുന്നത്.

പ്രതിരോധനിരയിൽ ബോസ്നിയൻ താരം എനെസ് സിപോവിച്ചിന് കൂട്ടായി റൂയിവ ഹോർമിപാമാണുള്ളത്. റൈറ്റ് ബാക്ക് പൊസിഷനിൽ സന്ദീപ് സിങ് തുടരുമ്പോൾ ലെഫ്റ്റ് ബാക്കായി ജസ്സലിന് പകരം ദെനെചന്ദ്ര മീത്തെയാണ് ഇറങ്ങുന്നത്. ജീക്സൻ സിങ്, സെഞ്ജീവ് സ്റ്റാലിൻ, പ്യൂറ്റിയ, അഡിരായൻ ലൂണ എന്നിവരാണ് മധ്യനിരയിൽ. മലയാളി താരങ്ങളായി കെപിരാഹുലും വിഎസ് ശ്രീക്കുട്ടനുമാണ് മുന്നേറ്റനിരയിലുള്ളത്.

ജെസ്സലിനും ഖബ്രയ്ക്കും പുറമെ കെ.പ്രശാന്ത്, ​ഗിവ്സൻ സിങ്, ആയുഷ് അധികാരി, സെയ്ത്യാസെൻ സിങ് തുടങ്ങിയ താരങ്ങൾ പകരക്കാരുടെ നിരയിലുണ്ട്. അതേസമയം ഭൂട്ടാനീസ് താരം ചെൻചോ ജ്യെൽഷെൻ ഇന്നും മത്സരദിനസ്ക്വാഡിലില്ല.