SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ ഫൈനൽ വരെ മുന്നേറിയതോടെ അടുത്ത സീസണിനായി ആവേശത്തോടെയുള്ള തയ്യാറെടുപ്പിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്. പരിശീലകൻ ഇവാൻ വുകോമനോവിച്ചും ചില പ്രധാന വിദേശതാരങ്ങളും അടുത്ത സീസണിലും ക്ലബിൽ തുടരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

അടുത്ത സീസണിൽ ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങൾ ഇതിനകം ബ്ലാസ്റ്റേഴ്സ് തുടങ്ങിയെന്നാണ് സൂചനകൾ. വിദേശ പര്യടനമടങ്ങുന്ന ദൈർഘ്യമേറിയ പ്രീ സീസണാണ് ക്ലബ് ലക്ഷ്യമിടുന്നതെന്ന് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ അടുത്ത സീസണിലേക്ക് ചില ഇന്ത്യൻ താരങ്ങളെ ഐ-ലീ​ഗിൽ നിന്ന് ഒപ്പം കൂട്ടാനും ബ്ലാസ്റ്റേഴ്സിന് പദ്ധതിയുണ്ട്. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്പോൾ സ്കിൻകിസ് തന്നെയാണ് ഇങ്ങനെ സൂചന നൽകിയത്.

കേരളാ ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിന് കൂടി ​ഗുണം ചെയ്യുന്ന യുവതാരങ്ങളെ അവതരിപ്പിക്കുക എന്ന ഞങ്ങളുടെ പദ്ധതി തുടരും, ഐ-ലീ​ഗിലേക്കാണ് ഞങ്ങൾ ഈ താരങ്ങൾക്കായി ശ്രദ്ധ പതിപ്പിക്കുന്നത്, ഒപ്പം റിസർവ് ടീമിനും കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് തീരുമാനം, ബ്ലാസ്റ്റേഴ്സിന്റെ റിസവർവ് ടീം, ഡെവലപ്മെന്റ് ലീ​ഗിൽ കളിക്കുന്നുമുണ്ട്, സ്കിൻകിസ് പറഞ്ഞു.