SHARE

കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന എൽകോ ഷട്ടോറിയുമായി വേർപിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഷട്ടോറി പോയതോടെ കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ പരിശീലിപ്പിച്ച കിബു വിക്കുന ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകുമെന്നാണ് റിപ്പോർട്ട്.

2018-19 സീസൺ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സെമി ഫൈനലിൽ എത്തിച്ച പരിശീലകനായ ഷട്ടോറിയെ ഈ‌ സീസണ് മുമ്പാണ് ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്. നെതർലൻഡുകാരനായ ഷട്ടോറിക്ക് കീഴിൽ 2019-20 സീസൺ ഐ എസ് എൽകളിച്ച ബ്ലാസ്റ്റേഴ്സിന് പക്ഷേ ഏഴാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്യാനായത്. പോയിന്റ് പട്ടികയിൽ ഏഴാമതായിരുന്നെങ്കിലും ഷട്ടോറിക്ക് കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ കളി നിലവാരം ഉയർന്നിരുന്നു. അത് കൊണ്ടു തന്നെ ഷട്ടോറി ടീമിനൊപ്പം തുടരണമെന്നായിരുന്നു ആരാധകരുടേയും ആഗ്രഹം. എന്നാൽ ലിത്വാനിയക്കാരനായ കരോളിസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായി സ്ഥാനം ഏറ്റെടുത്തതോടെ ബ്ലാസ്റ്റേഴ്സിൽ ഉടച്ചു വാർക്കലുകൾ തുടങ്ങുകയും, അവസാനം ഷട്ടോറിക്ക് പുറത്തേക്ക് പോകേണ്ടി‌വരുകയുമായിരുന്നു.