ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിന്റെ പാതിവഴി പിന്നിട്ടുകഴിഞ്ഞു. ടീം ക്യാംപുകളിൽ കോവിഡ് ബാധയുണ്ടായതോടെ ഐഎസ്എല്ലിന്റെ ഭാവിയെച്ചൊല്ലി ആശങ്കയുയരുന്നുണ്ട്. കോവിഡ് വ്യാപനം കൈവിട്ടുപോകുന്ന സാഹചര്യമുണ്ടായാൽ തൽക്കാലത്തേക്ക് ഐഎസ്എൽ നിർത്തിവയ്ക്കാൻ സാധ്യതയുണ്ട്. എങ്കിലും സീസൺ പൂർത്തിയാക്കുമെന്നാണ് സൂചന.
മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി സീസൺ പാതി പിന്നിട്ടപ്പോഴേക്കും ഏറ്റവും ആവേശത്തിലുള്ളത് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരാണ്. കാരണം ലീഗ് പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാമതാണ്. മാത്രവുമല്ല ലീഗിൽ തുടർച്ചയായി തോൽവിയറിയാതെ പത്ത് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് പിന്നിട്ടു.
ടീമെന്ന നിലയിലെ ഒത്തിണക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ കരുത്ത്. ആരാണ് മികച്ചതെന്ന് പറയാനാകാത്ത തരത്തിൽ മിന്നുന്ന പ്രകടനമാണ് ഓരോ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ പുറത്തെടുത്തത്. എങ്കിലും താരങ്ങളുടെ മികവ് പരിശോധിക്കാൻ ചില കണക്കുകൾ ഐഎസ്എല്ലിലുണ്ട്. ഇതിൽ പല ഘടകങ്ങളിലും ഇക്കുറി ബ്ലാസ്റ്റേഴ്സ് താരങ്ങൾ മുന്നിലുണ്ട്.
അസിസ്റ്റുകളുടെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്സിന് ഏറെ അഭിമാനിക്കാവുന്നത്. സീസണിലിതുവരെ ആറ് ഗോളുകൾക്ക് വഴിയൊരുക്കി അക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാൻ ലൂണ മുന്നിലുണ്ട്. ആറ് അസിസ്റ്റുകൾ വീതമുള്ള മുംബൈയുടെ അഹമ്മദ് ജഹു, ജെംഷദ്പുരിന്റെ ഗ്രെഗ് സ്റ്റുവാർട്ട് എന്നിവരാണ് ലൂണയ്ക്കൊപ്പമുള്ളത്. ടാക്കിൾ ചെയ്തതിലും ലൂണ മുന്നിലുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 59 തവണയാണ് ലൂണ ടാക്കിൾ നടത്തിയത്. 69 ടാക്കിൾ ചെയ്ത ജാഹുവാണ് ഇക്കാര്യത്തിൽ ലൂണയ്ക്ക് മുന്നിലുള്ളത്.
ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ഇന്ത്യൻ കരുത്തായ ജീക്സൻ സിങ്ങും കണക്കുകളിൽ മുന്നിലുണ്ട്. സീസണിൽ ഏറ്റവുമധികം ഇന്റർസെപ്ഷൻ നടത്തിയത് ജീക്സനാണ്. 30 തവണ. അത്ര തന്നെ ഇന്റർസെപ്ഷൻ നടത്തിയ നോർത്ത് ഈസ്റ്റിന്റെ ഹെർനൻ സന്റാനയാണ് ഇക്കാര്യത്തിൽ ജീക്സനൊപ്പമുള്ളത്. 54 ടാക്കിളുകൾ ചെയ്ത ജീക്സൻ അക്കാര്യത്തിലും ലീഗിൽ ആറാം സ്ഥാത്താണ്. ജീക്സന്റെ മധ്യനിര പങ്കാളി പ്യൂയ്റ്റിയ 56 ടാക്കിളുകളുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. പാസുകളുടെ കാര്യത്തിൽ ലീഗിൽ പതിമൂന്നാം സ്ഥാനത്തും ജീക്സനുണ്ട്. ബ്ലാസ്റ്റേഴ്സിലെ ഇക്കാര്യത്തിൽ ഒന്നാമനും ജീക്സൻ തന്നെ.
ലീഗിൽ ഇതുവരെ ഏറ്റവുമധികം ക്ലീൻ ഷീറ്റ് നേടിയത് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖാൻ ഗില്ലാണ്. വലകാത്ത എട്ട് മത്സരങ്ങളിൽ നാലിലും ഗോൾ വഴങ്ങാതെ ഗിൽ പിടിച്ചുനിന്നു. 22 സേവുകൾ നടത്തിയ ഗിൽ അക്കാര്യത്തിൽ ആറാം സ്ഥാനക്കാരനാണ്. സീസണിൽ ഏറ്റവുമധികം തവണ എതിരാളികളെ ഫൗൾ ചെയ്തതും ഒരു ബ്ലാസ്റ്റേഴ്സ് താരമാണ്. അർജന്റൈൻ ഫോർവേഡ് ജോർജ് പെരേയ്ര ഡയസ് 29 തവണയാണ് എതിരാളികളെ ഫൗൾ ചെയ്തത്. 21 ഫൗളുമായി ഇക്കാര്യത്തിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് അഞ്ചാമതുണ്ട്.