SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുകയാണ്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബ​ഗാനോട് തോറ്റിരുന്നു. നോർത്ത് ഈസ്റ്റും തോൽവിക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സിനെ നേരിടാനെത്തുന്നത്.

ആദ്യ മത്സരത്തിലെ പരാജയം നേരിട്ട സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ​ഗോൾവലയ്ക്ക് മുന്നിൽ അൽബിനോ ​ഗോമസിന് തന്നെ സ്ഥാനം നൽകാനാകും ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ നീക്കം. റൈറ്റ് ബാക്ക് റോളിലേക്ക് ഇന്ന് സന്ദീപ് സിങ്ങ് വരാനാണ് സാധ്യതയേറെ. നിഷു കുമാർ പരുക്കിൽ നിന്ന് മോചിതനായെങ്കിലും ആദ്യ ഇലനലിറങ്ങാൻ സാധ്യതയില്ല. ലെഫ്റ്റ് ബാക്ക് റോളിൽ ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോയ്ക്ക് തന്നെയാണ് സാധ്യത.

സെന്റർ ബാക്കുകളിൽ ഒരാൾ ക്രൊയേഷ്യൻ താരം മാർക്കോ ലെസ്കോവിച്ചാകുമെന്ന് ഏതാണ്ടുറപ്പാണ്. രണ്ട് വിദേശപ്രതിരോധതാരങ്ങളെ കളിപ്പിക്കാനാണ് ഇവാന്റെ നീക്കമെങ്കിൽ ലെസ്കോവിച്ചിനൊപ്പം എനെസ് സിപോവിച്ച് ഇറങ്ങും. അതല്ലങ്കിൽ മലയാളി താരം അബ്ദുൾ ഹക്കുവോ വി ബിജോയിയോ ഇറങ്ങും.

മധ്യനിരയിൽ ജീക്സൻ സിങ്ങിന്റെ സ്ഥാനം ഏതാണ്ട് സുരക്ഷിതമാണ്. ജീക്സനൊപ്പം ഡിഫൻസീവ് മിഡ്ഫീൽഡറിനെ ഇറക്കാനാണ് തീരുമാനമെങ്കിൽ ഹർമൻജ്യോത് ഖബ്രയ്ക്ക് നറുക്ക് വീഴും. അതല്ലെങ്കിൽ ആയുഷ് അധികാരിയാകും മിഡ്ഫീൽഡിൽ ജീക്സന്റെ പങ്കാളി.

കെപി രാഹുൽ ഇല്ലാത്ത സാഹചര്യത്തിൽ വലതുവിങ്ങിൽ മലയാളി താരം കെ പ്രശാന്തിന് നറുക്ക് വീഴാനാണ് സാധ്യത. അപ്രതീക്ഷിത ഉൾപ്പെടുത്തലുകൾ നടത്തിയാൽ വിൻസി ബാരെറ്റോ ആ സ്ഥാനത്തേക്ക് വരും. ഇടതുവിങ്ങിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് കളിക്കുമെന്നാണ് സൂചനകൾ. രണ്ട് വിദേശ ഡിഫൻഡർമാരെ ഒന്നിച്ചറക്കിയാൽ ഒരു വിദേശ സൈട്രക്കറെ മാത്രമെ പ്ലേയിങ് ഇലവനിലുൾപ്പെടുത്താനാകും . അങ്ങനെ വന്നാൽ കഴിഞ്ഞ മത്സരത്തിൽ പ്രകടനം പരി​ഗണിച്ച് ഡയസിന് നറുക്ക് വീഴാനാണ് സാധ്യത. സ്ട്രൈക്കറുടെ പിന്നിലായി തന്റെ ഇഷ്ട പൊസിഷനിൽ അഡ്രിയാൻ ലൂണയ്ക്കും അവസരം ലഭിച്ചേക്കും.