SHARE

ഇക്കുറി ഐ.എസ്.എല്ലിലേക്ക് ഏറ്റവുമധികം പുതുമുഖ വിദേശതാരങ്ങളെ കൊണ്ടുവന്ന ടീമുകളിലൊന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ്. മുൻ സീസണിൽ കളിച്ചിരുന്ന സിഡോ ഒഴികെ ബാക്കിയെല്ലാ വിദേശികളും ഐ.എസ്.എല്ലിൽ പുതമുഖങ്ങളാണ്. ഇപ്പോൾ സിഡോ പരുക്കേറ്റ് പുറത്തായതോടെ പകരമെത്തുന്ന ജുവാൻഡെയും ഇന്ത്യയിൽ പുതിയമുഖമാണ്.

ഇക്കുറി ബ്ലാസ്റ്റേഴ്സിലേക്ക് ഐ.എസ്.എല്ലിൽ തന്നെ മുമ്പ് പരിചയസമ്പത്തുള്ള വിദേശതാരങ്ങൾ എത്തുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. നെരിജുസ് വാൽസ്കിസ്, മാഴ്സെലീന്യോ തുടങ്ങിയ താരങ്ങളുടെ പേരുകൾ ബ്ലാസ്റ്റേഴുമായി ചേർത്ത് പറയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.

കഴിഞ്ഞ ദിവസം ഐ.എഫ്.ടി.ഡബ്ല്യു.സിയ്ക്ക് നൽകിയ അഭിമുഖത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് ഇതേക്കുറിച്ച് സംസാരിച്ചു. ഐ.എസ്.എല്ലിൽ മുൻപരിടയമുള്ള വിദേശികളെ ടീമിലെത്തിക്കാതിരുന്നതിന് പിന്നിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നാണ് സ്കിൻകിസ് പറയുന്നത്. ഐ.എസ്.എല്ലിൽ തന്നെയുള്ള ചില കളിക്കാരുമായി ഞാൻ ചർച്ചകൾ നടത്തിയിരുന്നു, എന്നാൽ ഒന്നും ധാരണയിലെത്തിക്കാനായില്ല, സ്കിൻകിസ് വ്യക്തമാക്കി.

സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം, മത്സരഫലങ്ങൾ കാണിക്കുന്നതിലും മികച്ചതാണെന്ന് സ്കിൻകിസ് പറഞ്ഞു. മുന്നേറ്റത്തിലാണ് ഇപ്പോഴും ചില പ്രശ്നങ്ങളുള്ളതെന്നും, എന്നാൽ നിരന്തരമായ പരിശ്രമത്തിലൂടെ അത് പരിഹരിക്കുമെന്നും സ്കിൻകിസ് കൂട്ടേച്ചേർത്തു.