SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിൽ നിരന്തരം വിമർശനമേറ്റുവാങ്ങുന്ന തരാമാണ് കെ.പ്രശാന്ത്. ആരാകർ കടുത്ത വിമർശനമുന്നയിക്കുമ്പോഴും ബ്ലാസ്റ്റേഴ്സ് ടീമിൽ സ്ഥിരം സാന്നിധ്യമാണ് പ്രശാന്ത്. ഇക്കുറി പ്രീ സീസണിലും ഡ്യൂറാൻഡ് കപ്പിലുമായി പ്രശാന്ത് എല്ലാ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിഞ്ഞു.

ഇന്ത്യൻ നേവിക്കെതിരായ കഴിഞ്ഞ മത്സരത്തിലെ പ്രശാന്തിനെ പ്രകടനത്തെക്കുറിച്ചും സമ്മിശ്ര പ്രതികരണമാണുള്ളത്. പ്രശാന്ത് ഏറെ മെച്ചപ്പെട്ടു എന്ന് പറയുമ്പോഴും ഫിനിഷിങ്ങലെ പോരായ്മകൾ പരിഹരിക്കപ്പെടാൻ ബാക്കിയുണ്ടെന്ന് വിമർശനവും ശക്തമാണ്. എന്നാൽ ഈ വിമർശനങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലന്നാണ് പ്രശാന്ത് പറയുന്നത്. ബെം​ഗളുരുവിനെതിരായി നാളെ നടക്കുന്ന മത്സരത്തിന് മുമ്പായുള്ള പത്രസമ്മേളനത്തിലാണ് പ്രശാന്ത് ഇക്കാര്യം പറഞ്ഞത്.

ഈ വിമർശനങ്ങളൊക്കെ എന്നെ ബാധിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഞാനിപ്പോഴും ടീമിൽ തുടരില്ലായിരുന്നു, എന്റെ പ്രകടനം അത്ര തൃപ്തികരമായിരിക്കില്ല, എന്നാൽ ഞാനതിൽ അത്ര നിരാശനുമല്ല, പ്രീ സീസണിൽ നടത്തിയ കഠിനാധ്വാനത്തിലും പരിശീലനത്തിലും ഞാൻ തൃപ്തനാണ്, ഒപ്പം ഇവാന്റെ കീഴിൽ പരിശീലിക്കാൻ കഴിഞ്ഞതിലും, പ്രശാന്ത് പറഞ്ഞു.

പ്രശാന്തിന് പിന്തുണയുമായി ഇവാനും രം​ഗത്തെത്തി. പ്രശാന്തിന് ഇതിലും മികച്ച രീതിയിൽ കളിക്കാനാകും, അക്കാര്യം ഞങ്ങൾ രണ്ടാൾക്കും നന്നായി അറിയാം, പ്രകടനം മെച്ചപ്പെടുത്താൻ പ്രായം ഒരു തടസമല്ല, പ്രശാന്തിന് അതിനുള്ള മികവുണ്ട്, അദ്ദേഹം കൂടുതൽ അതിനായി കഠിനാധ്വാനം ചെയ്യുമെന്നാണെന്റെ പ്രതീക്ഷ, ഇവാൻ പറഞ്ഞു.