SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയ ഏറ്റവും ശ്രദ്ധേയ സൈനിങ്ങാണ് അൽവാരോ വാസ്ക്വസിന്റേത്. സ്പാനിഷ് സ്ട്രൈക്കറായ വാസ്ക്വസ് ലാ ലി​ഗയിലും പ്രീമിയർ ലീ​ഗിലുമൊക്കെ കളിച്ച പരിചയസമ്പത്തുമായാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലെ മൂർച്ചയേറിയ ആയുധമാകും വാസ്ക്വസെന്നാണ് വിലയിരുത്തൽ.

ഇക്കുറി ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ വാസ്ക്വസിന്റെ പേര് ചേർത്ത് പറയപ്പെട്ട ക്ലബാണ് മുംബൈ സിറ്റി. താരം ബ്ലാസ്റ്റേഴ്സിലേക്കാണോ മുംബൈയിലേക്കാണോ വരുന്നതെന്ന കാര്യത്തിൽ ചർച്ചകൾ ചൂടുപിടിച്ചിരുന്നു. എന്നാൽ താൻ ചർച്ച നടത്തിയ ഒരേയൊരു ടീം കേരളാ ബ്ലാസ്റ്റേഴ്സാണെന്നാണ് വാസ്ക്വസ് പറഞ്ഞത്. ലാ ന്യുയേവ എസ്പാന എന്ന സ്പാനിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വാസ്ക്വസ് ഇക്കാര്യം പറഞ്ഞത്.

രണ്ട് സ്പാനിഷ് താരങ്ങളുടെ അഭിപ്രായം കൂടി കേട്ടശേഷമാണ് ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുത്തതെന്നും വാസ്ക്വസ് പറഞ്ഞു. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച വിസെന്റെ ​ഗോമസ്, കഴിഞ്ഞ തവണ മുംബൈയ്ക്കായും ഇക്കുറി നോർത്ത് ഈസ്റ്റിനായും കളിക്കുന്ന ഹെർനൻ സന്റാന എന്നീ സ്പാനിഷ് താരങ്ങളോടാണ് വാസ്ക്വസ് ഇക്കാര്യം സംസാരിച്ചത്.

ഇക്കുറി ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ഏറ്റവുമവസാനമെത്തിയ വിദേശതാരമാണ് വാസ്ക്വസ്. എന്നാൽ അതിവേ​ഗം ടീമുമായി ഒത്തിണങ്ങാൻ വാസ്ക്വസിനായി. അവസാനം നടന്ന പ്രീ സീസൺ മത്സരങ്ങളിൽ അതിന്റെ ഫലവും കണ്ടു. രണ്ട് ​ഗോളുകളാണ് വാസ്ക്വസ് പ്രീ സീസൺ പോരാട്ടങ്ങളിൽ നേടിയത്.