ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാനൊരുങ്ങുമ്പോഴും കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ജയത്തോടെ തങ്ങളുടെ സീസൺ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി നൽകിയിരിക്കുന്നത് രണ്ട് സൂപ്പർതാരങ്ങളുടെ പരുക്കാണ്.
മലയാളി സൂപ്പർതാരം സഹൽ അബ്ദുൾ സമദും അർജന്റൈൻ താരം ഫാക്കുൻഡോ പെരേരയുമാണ് പരുക്കേറ്റിരിക്കുന്നത്. സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം മൂക്കിന് പരുക്കേറ്റ ഫാക്കുൻഡോ പിന്നീടിതുവരെ കളിച്ചിട്ടില്ല. ടീമിനൊപ്പം ഫാക്കുൻഡോ പരിശീലനം നടത്തുന്ന ചിത്രങ്ങളൊക്കെ പുറത്തുവന്നിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ പോലും ഫാക്കുൻഡോ സ്ക്വാഡിലിടം പിടിച്ചിരുന്നില്ല. താരത്തിന്റെ പരുക്ക് ഭേദമായില്ല എന്ന സൂചനയാണിത് നൽകുന്നത്.
ഇന്നലെ പത്രസമ്മേളത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇഷ്ഫാഖ് അഹമ്മദും, ചില കളിക്കാർക്ക് പരുക്കുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും നൽകിയിരുന്നില്ല.
ഇപ്പോൾ മാർക്കസിന്റെ ട്വീറ്റ് പ്രകാരം ഫാക്കുൻഡോ ഇന്നും കളിക്കാൻ സാധ്യതയില്ല. സഹലിന്റെ പരുക്കെന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ സഹൽ രണ്ടാഴ്ചയോളം പുറത്തിരിക്കേണ്ടിവരുമെന്നാണ് മാർക്കസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ സഹൽ ടീമിലുണ്ടാകില്ലെന്ന് ഏതാണ്ടുറപ്പാണ്.