SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ജെംഷദ്പുരിനോടേറ്റ കനത്ത തോൽവിക്ക് ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബം​ഗാളിനെ നേരിടുകയാണ്. കഴിഞ്ഞ ദിവസത്തെ തോൽവിയുടെ ക്ഷീണമകറ്റാൻ ബ്ലാസ്റ്റേഴ്സിനിന്ന് മികച്ച വിജയം അത്യാവശ്യമാണ്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരി​ഗണിക്കുമ്പോൾ ഇന്ന് വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഠിനാധ്വാനം ചെയ്യേണ്ടിവരും.

പോയിന്റ് പട്ടികയിൽ ഒരുപാട് പിന്നിലുള്ള ഈസ്റ്റ് ബം​ഗാളിനെ തോൽപ്പിക്കുക ബ്ലാസ്റ്റേഴ്സിന് സാധാരണ​ഗതിയിൽ അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാൽ ഇന്നത്തെ പ്രത്യേക സാഹചര്യം ബ്ലാസ്റ്റേഴ്സിന് ചില ആശങ്കകളാണ് നൽകുന്നത്. വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന മത്സരത്തിൽ പ്രതിരോധനിര പൂർണമായും അഴിച്ചുപണിയേണ്ടിവരുമെന്നതാണ് ബ്ലാസ്റ്റേഴ്സിനെ ആശങ്കപ്പെടുത്തുന്ന പ്രധാന ഘടകം.

സീനിയർതാരമായ റൈറ്റ് ബാക്ക് ഹർമൻജ്യോത് ഖബ്ര, ക്രൊയേഷ്യൻ സ്റ്റാർ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ച് എന്നിവർക്ക് സസ്പെൻഷൻ കാരണം ഇന്ന് കളിക്കാനാകില്ല. സീസണിൽ ലെസ്കോവിച്ചിനൊപ്പം ഉജ്ജ്വല സെന്റർബാക്ക് കൂട്ടുകെട്ട് പടുത്തുയർത്തിയ ഇന്ത്യൻ താരം റൂയിവ ഹോർമിപാം പരുക്കിനെത്തുടർന്നും ഇന്ന് കളിക്കില്ല. ക്യാപ്റ്റൻ്‍ ജെസ്സൽ കാർനെയ്റോയ്ക്ക് പരുക്കേറ്റതോടെ ലെഫ്റ്റ് ബാക്ക് റോൾ സ്ഥിരമായി ഏറ്റെടുത്ത നിഷു കുമാർ കഴിഞ്ഞ മത്സരത്തിൽ പരുക്കിനെത്തുടർന്ന് പുറത്തിരുന്നു. നിഷു ഇന്ന് കളിക്കുമോയെന്നതും വ്യക്തമല്ല.

പ്രതിരോധനിരയിൽ ഇത്രയേറെ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ തികച്ചും പുതിയൊരു സെന്റർ ബാക്ക് ജോഡിയെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് പരീക്ഷിക്കേണ്ടിവരും. ബോസ്നിയൻ താരം എനെസ് സിപോവിച്ചാകും ഇതിലൊരാളെന്ന് ഏതാണ്ടുറപ്പാണ്. സിപോവിച്ചിനൊപ്പം മലയാളി താരം വി ബിജോയിക്കാണ് ആദ്യ സാധ്യത. സെന്റർ ബാക്കായി ടീമിലുള്ള മറ്റൊരു താരം സന്ദീപ് സിങ്ങാണ്. എന്നാൽ ഖബ്രയില്ലാത്ത സാഹചര്യത്തിൽ സന്ദീപിനെ റൈറ്റ് ബാക്കായി കളിപ്പിക്കാനാണ് സാധ്യത. സന്ദീപിനെ സെന്റർ ബാ​ക്കായി നിയോ​ഗിച്ചാൽ റൈറ്റ് ബാക്കായി ഒന്നുകിൽ വിൻസി ബാരെറ്റോയോയോ സഞ്ജീവ് സ്റ്റാലിനേയോ ഇവാന് കൊണ്ടുവരേണ്ടിവരും.

ലെഫ്റ്റ് ബാക്ക് പൊസിഷനിലും ആശങ്കകളുണ്ട്. നിഷും ഇല്ലാത്ത സാഹചര്യത്തിൽ ദെനെചന്ദ്ര മീത്തെയാണ് കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിലിറങ്ങിയത്. എന്നാൽ ​ദെനെ നിരാശപ്പെടുത്തിയെന്ന് മാത്രമല്ല അനാവശ്യ ഫൗൾ ചെയ്ത് പെനാൽറ്റിയും വഴങ്ങി. അതുകൊണ്ട് തന്നെ ഇന്നും നിഷുവിന് കളിക്കാനായില്ലെങ്കിൽ ദെനെയ്ക്ക് തന്നെ നറുക്ക് വീഴാനുള്ള സാധ്യത കുറവാണ്. അങ്ങനെ വന്നാൽ സഞ്ജീവിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചേക്കും. അതല്ലെങ്കിൽ സന്ദീപിനെ ആ സ്ഥാനത്തേക്ക് പരി​ഗണിക്കാനും സാധ്യതയുണ്ട്.

സസ്പെൻഷനെത്തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ജോർജ് പെരേയ്ര ഡയസ് തിരിച്ചെത്തുമെന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമാണ്. കഴിഞ്ഞ മത്സരത്തിൽ ഡയസ് കളിക്കാതിരുന്നത് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നു.