ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടുകയാണ്. വൈകിട്ട് ഏഴരയ്ക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. നേരത്തെ കൊച്ചിയിൽ നടന്ന ഐഎസ്എൽ ഉദ്ഘാടനമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തിരുന്നു.
ഐഎസ്എൽ ഒമ്പതാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ 16-ാം മത്സരമാണ് ഇന്നത്തേത്. ഇതുവരെ ഒമ്പത് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചു. ഇന്നത്തെ മത്സരം കൂടി വിജയിക്കാനായാൽ ഒരു ഐഎസ്എൽ സീസണിലെ ക്ലബിന്റെ ഏറ്റവും മികച്ച പ്രകടനമാകുമത്. ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറിയ കഴിഞ്ഞ ഐഎസ്എൽ സീസണിലും ലീഗ് ഘട്ടത്തിൽ ഒമ്പത് വിജയങ്ങൾ ക്ലബ് നേടിയിരുന്നു.
നിലവിൽ 15 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. ഇക്കുറി പോയിന്റ് പട്ടികയിൽ ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പ്ലേ ഓഫിലേക്കെത്തുക. നിലവിലെ സാഹചര്യത്തിൽ പ്ലേ ഓഫിലേക്ക് ബ്ലാസ്റ്റേഴ്സിന് അത്ര ബുദ്ധിമുട്ടില്ലാതെ മുന്നേറി. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് നേടിയാൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് ഉറപ്പാകും.