SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. സൗഹൃദമത്സരത്തിൽ ഇം​ഗ്ലീഷ് ക്ലബ് ഏഎഫ്സി വിംബിൾഡന്റെ റിസർവ് ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഇം​ഗ്ലണ്ടിലെ നാലാം ഡിവിഷൻ ക്ലബാണ് വിംബിൾഡൻ. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ 3.30-ന് ലണ്ടനിലാണ് മത്സരം നടക്കുന്നത്.

നെക്സ്റ്റ് ജെൻ കപ്പിനായാണ് ബ്ലാസ്റ്റേഴ്സ് ഇം​ഗ്ലണ്ടിലെത്തിയത്. ടോട്ടനം ഹോട്സ്പർസ്, ക്രിസ്റ്റൽ പാലസ് എന്നിവരുടെ യൂത്ത് ക്ലബുകളുമായി കൊമ്പുകോർത്ത ബ്ലാസ്റ്റേഴ്സ് രണ്ടും മത്സരങ്ങളിലും വൻ തോൽവി ഏറ്റുവാങ്ങി. ടോട്ടനത്തോട് എതിരില്ലാത്ത ഏഴ് ​ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്സ്, പാലസിനോട് ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് അടിയറവ് പറഞ്ഞത്. മത്സരത്തിൽ ക്യാപ്റ്റൻ ആയുഷ് അധികാരിയാണ് ബ്ലാസ്റ്റേഴ്സിനായി ഏക​ഗോൾ നേടിയത്.

ഏപ്രിൽ-മെയ് മാസങ്ങളിലായി നടന്ന ഡെവ്‌ലപ്മെന്റ് ലീ​ഗിൽ റണ്ണേഴ്സ് അപ് ആയതോടെയാണ് ബ്ലാസ്റ്റേഴ്സ് നെക്സ്റ്റ് ജെൻ കപ്പിന് യോ​ഗ്യത നേടിയത്. ആയുഷിന് പുറമെ ജീക്സൻ സിങ്, റൂയിവ ഹോർമിപാം, വി ബിജോയ്, ​ഗിവ്സൻ സിങ് തുടങ്ങിയ ഫസ്റ്റ് ടീം താരങ്ങളും നെക്സ്റ്റ് ജെൻ കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചു.