ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് യുഎഇയിൽ സൗഹൃദപ്പോരാട്ടം കളിക്കും. യുഎഇ ഫസ്റ്റ് ഡിവിഷൻ ക്ലബ് അൽ ജസീറ അൽ ഹംറ ക്ലബിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഇന്ത്യൻ സമയം രാത്രി 8.30-നാണ് ഈ മത്സരം.
ഈ മാസം പകുതിയോടെയാണ് ബ്ലാസ്റ്റേഴ്സ് പ്രീ സീസണിനായി യുഏഇയിലേക്ക് പറന്നത്. ഇതിൽ മൂന്ന് യുഎഇ ക്ലബുകളുമായുള്ള മത്സരങ്ങളും നിശ്ചയിച്ചിരുന്നു. എന്നാൽ ഇതിനിടെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പുടർത്തിയത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ നേരത്തെ നിശ്ചയിച്ച മൂന്ന മത്സരങ്ങളും റദ്ദാക്കി. എന്നാൽ ഇന്നലെ ഫിഫ, വിലക്ക് നീക്കിയ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സ് യുഎഇ ക്ലബുമായി കൊമ്പുകോർക്കുന്നത്.
അതേസമയം തന്നെ ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പര്യടനം നീട്ടുമെന്നും സൂചനയുണ്ട്. ഈ മാസം അവസാനം ബ്ലാസ്റ്റേഴ്സ് ടീം തിരിച്ച് കൊച്ചിയിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാലിപ്പോൾ ഒരാഴ്ചകൂടി ബ്ലാസ്റ്റേഴ്സ് യുഎഇയിൽ തുടരാനുള്ള സാധ്യതകളാണ് തെളിയുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്സ് ചില മത്സരങ്ങൾ കൂടി കളിച്ചേക്കുമെന്നും സൂചനയുണ്ട്.