SHARE

അഞ്ചാം എഡിഷൻ ഐ എസ് എല്ലിന് കൊൽക്കത്തയിൽ ആവേശമാർന്ന തുടക്കം. ഗോളുകളൊന്നും പിറന്നില്ലെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സും, എ ടി കെ യും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി കാണികളെ ഏറെ രസം പിടിപ്പിച്ചു. ആക്രമണ ഫുട്ബോളിലൂടെ കളി തുടങ്ങിയ ബ്ലാസ്റ്റേഴ്സും കൃത്യമായ ഇടവേളകളിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ എ ടി കെയും തങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തിയാണ് ആദ്യ പകുതിക്ക് മടങ്ങിയത്.

സ്ലൊവേനിയൻ മുന്നേറ്റതാരം മറ്റേജ് പോപ്ലാറ്റ്നിക്കായിരുന്നു കേരള ആക്രമണങ്ങൾക്ക് മുന്നിൽ നിന്നത്. മലയാളി താരം സഹൽ അബ്ദുൾ‌ സമദും മികച്ച പ്രകടനം പുറത്തെടുത്തു. ബ്ലാസ്റ്റേഴ്സ് ആക്രമണത്തിൽ കൂടുതൽ മികച്ചു നിന്നെങ്കിലും 26-ം മിനുറ്റിലെ എവർട്ടൺ സാന്റോസിന്റെയും, 38-ം മിനുറ്റിൽ ജയേഷ് റാണെയുടേയും ഭാഗത്ത് നിന്ന് വന്ന ഗോൾ ശ്രമങ്ങൾ കേരളത്തെ അടിമുടി വിറപ്പിച്ചു. ഗോൾരഹിത സമനിലയിലാണ് മത്സരത്തിന്റെ ആദ്യ പകുതി പിരിഞ്ഞതെങ്കിലും രണ്ടാം പകുതിയിൽ ഗോളുകൾ പിറക്കുമെന്ന ഉറച്ച സൂചന തന്നെയാണ് ആദ്യ പകുതി നൽകുന്നത്.

ആദ്യ പകുതി

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ടച്ചോട് കൂടിയാണ് കൊൽക്കത്തയിലെ യുവഭാരതി ക്രിരംഗനിൽ അഞ്ചാം എഡിഷൻ ഐ എസ് എല്ലിന് തുടക്കം കുറിച്ചത്. മത്സരത്തിന്റെ ആദ്യ മിനുറ്റുകളിൽ ത്തന്നെ ആക്രമണ ഫുട്ബോൾ കെട്ടഴിച്ച് വിട്ട ബ്ലാസ്റ്റേഴ്സ് തങ്ങളുടെ നയമെന്തെന്ന് തുടക്കത്തിൽത്തന്നെ വ്യക്തമാക്കി.

നാലാം മിനുറ്റിൽത്തന്നെ ബ്ലാസ്റ്റേഴ്സിന്റെ മികച്ചൊരു മുന്നേറ്റം. ഇടത് വിംഗിലൂടെ കുതിച്ച ലാൽ റുവാത്താര ബോക്സിലേക്ക് നൽകിയ എണ്ണംപറഞ്ഞൊരു ക്രോസിൽ മറ്റേജ് പോപ്ലാറ്റ്നിക്കിന്റെ തകർപ്പൻ ഹെഡർ. എന്നാൽപോസ്റ്റിന് തൊട്ടരികിലൂടെ പന്ത് പുറത്തേക്ക്. പിന്നീടും ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോൾ കളിക്കാൻ തുടങ്ങിയതോടെ കൊൽക്കത്തൻ പ്രതിരോധം വിയർക്കാൻ തുടങ്ങി. പോപ്ലാറ്റ്നിക്കായിരുന്നു കേരളാ ആക്രമണത്തെ നയിച്ച് കൊണ്ടിരുന്നത്. ആദ്യ 10 മിനുറ്റുകളിൽത്തന്നെ മൂന്ന് തവണയാണ് പോപ്ലാറ്റ്നിക്ക് എതിർ ബോക്സിൽ അപകടം വിതച്ചത്.

പന്ത്രണ്ടാം മിനുറ്റിൽ അത് വരെയുള്ള ഏറ്റവും മികച്ച ഗോളവസരം ബ്ലാസ്റ്റേഴ്സിന്. തങ്ങൾക്കനുകൂലമായി ലഭിച്ച പന്ത് ഒന്നാന്തരമൊരു ഹെഡറിലൂടെ ലാകിച്ച് പെസിച്ച് ഗോൾവലയിലേക്ക് തിരിച്ചുവിട്ടെങ്കിലും സെനാ റാൾട്ടെയുടെ ഗോൾ ലൈൻ സേവ് കൊൽക്കത്തൻ സംഘത്തിന്റെ രക്ഷയ്ക്കെത്തി. പതിനാറാം മിനുറ്റിൽ കോർണറിൽ നിന്ന് എടികെയും ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ചു. ഇത്തവണ കേരളത്തെ അപകടത്തിൽ നിന്ന് രക്ഷിച്ചത് ഗോൾകീപ്പർ ധീരജ് സിംഗും, ക്രോസ് ബാറും.

ആദ്യ ഇരുപത് മിനുറ്റുകളിലും ആക്രമിച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് അല്പം ഉൾവലിഞ്ഞ് കളിക്കാൻ ആരംഭിച്ചു. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് എ ടി കെ നായകൻ എവർട്ടൺ സാന്റോസിന്റെ മികച്ചൊരു ഗോൾ ശ്രമം. ബോക്സിന് വെളിയിൽ നിന്ന് ഓപ്പൺ ഷോട്ടിന് അവസരം ലഭിച്ച ലാൻസറോട്ടെ സമയമൊട്ടും പാഴാക്കിയില്ല‌. താരം തൊടുത്ത വലം കാലൻ ബുള്ളറ്റ് ഷോട്ട് ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തിൽ പുറത്തേക്ക്. ഗ്യാലറിയിൽ ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ നെടുവീർപ്പ്. മുപ്പത്തിരണ്ടാം മിനുറ്റിൽ ടീമിലെ ഏകമലയാളി താരം സഹൽ അബ്ദുൾസമദിന്റെ ഗോൾശ്രമം. ബോക്സിന് വെളിയിൽ നിന്ന് താരം തൊടുത്ത വെടിയുണ്ട എ ടികെ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ ഒരു നീളൻ ഡൈവിലൂടെ രക്ഷപെടുത്തി. വീണ്ടും ബ്ലാസ്റ്റേഴ്സിന് നിരാശയും, എ ടി കെയ്ക്ക് ആശ്വാസവും.