SHARE

ഐഎസ്എല്‍ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേ്‌സ് എഫ്‌സി നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനോട് ഏകപക്ഷീയമായ ഒരു‌ഗോളിന് പരാജയപ്പെട്ടു. ഫിജി താരം റോയ്കൃഷ്ണ നേടിയ ഗോളാണ് സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തിയത്. ്. രണ്ട് മികച്ച അവസരങ്ങള്‍ കിട്ടിയത് മുതലാക്കാന്‍ കഴിയാത്തത് ബ്ലാസ്റ്റേഴ്സിന് കളിയിൽ തിരിച്ചടിയായി. നവംബര്‍ 26ന് ഇതേവേദിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്തമത്സരം.

ആല്‍ബിനോ ഗോമെസിനെ വലയ്ക്ക് മുന്നില്‍ നിര്‍ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിന് തുടക്കം കുറിച്ചത്. പ്രതിരോധത്തില്‍ ബകാരി കോനെ, കോസ്റ്റ ന്യമോയിന്‍സു, ജെസെല്‍ കര്‍ണെയ്‌റോ എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, വിസെന്റെ ഗൊമെസ്, കെ.പ്രശാന്ത്, സഹല്‍ അബ്ദുള്‍ സമദ് എന്നിവരും ഗാരി ഹൂപ്പര്‍, റിത്വിക് ദാസ്, നൊങ്ദാമ്പ നൗറെം എന്നിവര്‍ മുന്നേറ്റത്തിലും ഇടംകണ്ടു. എടികെ മോഹന്‍ ബഗാന്‍ മുന്നേറ്റത്തില്‍ റോയ് കൃഷ്ണയെയും എഡു ഗാര്‍ഷ്യയെയും അണിനിരത്തി. മൈക്കേല്‍ സുസൈരാജ്, ഹാവിയര്‍ ഹെര്‍ണാണ്ടസ്, കാള്‍ മക്ഹഗ്, പ്രണോയ് ഹാള്‍ദെര്‍ എന്നിവര്‍ മധ്യനിരയില്‍. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കന്‍, പ്രബീര്‍ ദാസ്, ടിരി, പ്രീതം കോട്ടല്‍ എന്നിവര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ അരിന്ദം ഭട്ടാചാര്യ.

കളിയുടെ മൂന്നാം മിനിറ്റില്‍തന്നെ എടികെ ബഗാന് മികച്ച അവസരം കിട്ടി. ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് കൃത്യമായി റോയ് കൃഷ്ണയുടെ കാലുകളിലാണ് കിട്ടിയത്. പക്ഷേ, റോയ് കൃഷ്ണയ്ക്ക് കൃത്യമായി തൊടുക്കാനായില്ല. പിന്നാലെ പ്രബീറിന്റെ വലത് പാര്‍ശ്വത്തില്‍ നിന്നുള്ള ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമെസിന്റെ കൈകളിലൊതുങ്ങി. ഇതിനിടെ എടികെ മധ്യനിരക്കാരന്‍ മൈക്കേല്‍ സുസൈരാജ് പരിക്കേറ്റ് മടങ്ങി. സുഭാശിഷ് ബോസ് ആയിരുന്നു പകരക്കാരന്‍. ബ്ലാസ്‌റ്റേഴ്‌സ്, എടികെ മുന്നേറ്റക്കാരന്‍ റോയ് കൃഷ്ണയുടെ അപകടകരമായ നീക്കങ്ങളെ കൃത്യമായി തടഞ്ഞു. ഒരു തവണ റോയ് കൃഷ്ണ കെട്ടുപൊട്ടിച്ച് മുന്നേറിയെങ്കിലും കോസ്റ്റയുടെ പ്രതിരോധത്തില്‍ ആ ശ്രമം വിഫലമായി.

ഇടയ്ക്ക് നല്ല പ്രത്യാക്രമണങ്ങള്‍ കൊണ്ട് എടികെ ബഗാന്‍ പ്രതിരോധത്തെ പരീക്ഷിക്കാനും ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു. സഹല്‍ അബ്ദുള്‍ സമദ് മധ്യഭാഗത്ത് നിന്ന് നടത്തിയ മികച്ച നീക്കം എടികെ പ്രതിരോധത്തെ മറികടന്ന് പ്രശാന്തിന് കിട്ടി. എന്നാല്‍ ഈ പ്രശാന്തിന് കൃത്യമായി ലക്ഷ്യത്തിലേക്ക് അടിക്കാനായില്ല. ഇരുപത്തിനാലാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് കളിയിലെ ആദ്യ കോര്‍ണര്‍ കിട്ടി. പക്ഷേ, മുതലാക്കാനായില്ല.

മുപ്പത്തിനാലാം മിനുട്ടില്‍ റോയ് കൃഷ്ണയ്ക്ക് മികച്ച അവസരം കിട്ടി. പക്ഷേ, പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ കോസ്റ്റയുടെ മറ്റൊരു ഇടപെടല്‍ ബ്ലാസ്‌റ്റേഴ്‌സിനെ കാത്തു. ഗാര്‍ഷ്യയുടെ മുന്നേറ്റത്തെ കോസ്റ്റ നിര്‍വീര്യമാക്കി. മുപ്പത്തേഴാം മിനുട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മികച്ച നീക്കം പിറന്നത്. തുടര്‍ച്ചയായ എടികെ ബഗാന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കിയശേഷം ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം കുതിച്ചു. ഇടതുപാര്‍ശ്വത്തില്‍ നിന്ന് നൊങ്ദാമ്പ നോറെമിന്റെ ഉശിരന്‍ ക്രോസ് എടികെ ബോക്‌സിലേക്ക് ചെരിഞ്ഞിറങ്ങി. ഹൂപ്പറെ ലക്ഷ്യം വച്ചായിരുന്നു ആ ക്രോസ്. എന്നാല്‍ സുഭാശിഷ് ഹൂപ്പറെ തടയാനായി ചാടി. ഇരുവര്‍ക്കും പന്ത് കൃത്യമായി കിട്ടിയില്ല. പന്ത് വീണത് റിത്വികിന് മുന്നില്‍. രണ്ടടി ദൂരം മാത്രം. പക്ഷേ, എത്തിപ്പിടിക്കാനായില്ല. ആ നീക്കം ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍നീക്കങ്ങളിലും പ്രതിഫലിച്ചു. എടികെ മോഹന്‍ ബഗാന്‍ പരുക്കന്‍ കളി പുറത്തെടുക്കാന്‍ തുടങ്ങി. അവരുടെ മധ്യനിരയില്‍ താളപ്പിഴകളുണ്ടായി. ബ്ലാസ്‌റ്റേഴ്‌സ് അവസരം മുതലെടുത്ത് ബോക്‌സിലേക്ക് കുതിച്ചു. ഇടതുപാര്‍ശ്വത്തില്‍ പ്രശാന്ത്-റിത്വിക് സഖ്യം തകര്‍പ്പന്‍ കളി പുറത്തെടുത്തു. ആദ്യപകുതി അവസാനിക്കുമ്പോള്‍ 62 ശതമാനം ആയിരുന്നു പന്തിന്‍മേല്‍ ബ്ലാസ്‌റ്റേഴ്‌സിനുള്ള നിയന്ത്രണം.

രണ്ടാംപകുതിയുടെ തുടക്കംതന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയായിരുന്നു. അമ്പതാം മിനുട്ടില്‍ ജെസെല്‍ കര്‍ണെയ്‌റോ ഇടതുപാര്‍ശ്വത്തിലൂടെ നടത്തിയ മിന്നുംകുതിപ്പ് എടികെ ഗോള്‍മുഖം വിറപ്പിച്ചു. മനോഹരമായ ക്രോസ് ബോക്‌സിലേക്ക് പാഞ്ഞു. എടികെ പ്രതിരോധത്തിന് അത് ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ബോക്‌സിന്റെ വലതുഭാഗത്ത് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു സഹലിനാണ് പന്ത് കിട്ടിയത്. പക്ഷേ, അടിതൊടുക്കുന്നതില്‍ സഹലിന് പിഴവുപറ്റി. ശ്രമം ഗോള്‍ കിക്കില്‍ കലാശിച്ചു. തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ചുകൊണ്ടിരുന്നു. ഇടതു വിങ്ങിലൂടെയുള്ള കര്‍ണെയ്‌റോയുടെ കുതിപ്പ് ഓരോ തവണയും എടികെയെ പേടിപ്പിച്ചു. സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധം പിടിച്ചുനില്‍ക്കുകയായിരുന്നു.

അമ്പത്തൊമ്പതാം മിനുട്ടില്‍ നൊങ്ദാമ്പയ്ക്ക് പകരം സെയ്ത്യാസെന്‍ ഇറങ്ങി. ഇറങ്ങിയപാടെ തകര്‍പ്പന്‍ ഷോട്ടിലൂടെ എടികെ ഗോള്‍ കീപ്പര്‍ അരിന്ദത്തെ പരീക്ഷിക്കാനും സെയ്ത്യാസെന് കഴിഞ്ഞു. അറുപത്തേഴാം മിനിറ്റില്‍ പക്ഷേ, ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങി. ഇടതു ഭാഗത്തിലൂടെ മന്‍വീര്‍ സിങ് നടത്തിയ മുന്നേറ്റമാണ് ഗോളിലേക്ക് വഴിതുറന്നത്. മന്‍വീറിന്റെ ക്രോസ് കൃത്യമായി തടയുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് വീഴ്ച പറ്റി. ഓടിയെത്തിയ റോയ് കൃഷ്ണ ആല്‍ബിനോയെ കീഴടക്കി. 86ാം മിനുറ്റില്‍ സഹലിന് പകരം ലാല്‍റുവതാരയും ബെക്കാരി കോനെക്ക് പകരം ഫാക്കുന്‍ഡോ പെരേരയും കളത്തിലിറങ്ങി. തുടര്‍ന്നുള്ള നിമിഷങ്ങളില്‍ സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചെങ്കിലും എടികെ പ്രതിരോധം മറികടക്കാനായില്ല.