SHARE

ഇരട്ട ഗോളുകളുമായി ഫെറാൻ കോറോമിനസ് എന്ന ഗോവയുടെ സ്പാനിഷ് മുന്നേറ്റ താരം ജ്വലിച്ചുയർന്നപ്പോൾ കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് കത്തിയെരിഞ്ഞു. കരുത്തരായ ഗോവയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്. ഇരട്ട ഗോളുകൾ നേടിയ കോറോയ്ക്ക് പുറമേ മൻ വീർ സിംഗാണ് ഗോവയുടെ ശേഷിക്കുന്ന ഗോൾ കണ്ടെത്തിയത്. ക്രച്ച് മറേവിച്ച് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ നേടി.

11, 45, 67 മിനുറ്റുകളിലായിരുന്നു ഗോവൻ ഗോളുകൾ പിറന്നത്. മറുപടിയായി ഒരുഗോൾ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പാടുപെടുന്ന കാഴ്ച ആരാധകരെ മുഴുവൻ നിരാശരാക്കി. ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ജയത്തോടെ 7 മത്സരങ്ങളിൽ 16 പോയിന്റായ ഗോവ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാമതാണ്. 7 മത്സരങ്ങളിൽ 7 പോയിന്റുള്ള കേരളം മാറ്റമില്ലാതെ ഏഴാം സ്ഥാനത്ത് തുടരുന്നു. ഈ മാസം 23-ം തീയതി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ആദ്യ പകുതി  

എഫ് സി ഗോവയുടെ ടച്ചോടെ ആരംഭിച്ച മത്സരത്തിലെ ആദ്യ മികച്ച മുന്നേറ്റം വന്നത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നാണ്. എന്നാൽ അഞ്ചാം മിനുറ്റിൽ ഗോൾ നേടാൻ ലഭിച്ച മികച്ച അവസരം ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ബ്ലാസ്റ്റേഴ്സ് പാഴാക്കി. പതിനൊന്നാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കിക്കൊണ്ട് ഗോവയുടെ ആദ്യ ഗോൾ പിറന്നു. കോർണറിൽ നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ ഗോൾവലയിലേക്ക് തിരിച്ചുവിട്ട കോറോ മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ ഗോവയെ മുന്നിലെത്തിച്ചപ്പോൾ ഗ്യാലറി നിശബ്ദമായി. സ്കോർ : എഫ് സി ഗോവ 1-0 കേരളാ ബ്ലാസ്റ്റേഴ്സ്.

പതിനേഴാം മിനുറ്റിൽ ഗോവൻ പ്രതിരോധത്തിന് ബോൾ ക്ലിയർ ചെയ്യുന്നതിൽ വന്ന പിഴവ് മുതലാക്കി പന്തുമായി മുന്നിലേക്ക് ഓടിക്കയറാൻ ഹോളിചരൺ നർസാരി ശ്രമിച്ചെങ്കിലും മികച്ചൊരു ടാക്കിളിലൂടെ സെറിട്ടൺ ഫെർണാണ്ടസ് ഗോവയെ രക്ഷിച്ചു. കേരളത്തിന് ഒരു കോർണർ മാത്രം. ഇടയ്ക്കിടക്ക് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ആക്രമണവുമായെത്തിയ ഗോവൻ താരങ്ങൾ വലിയ ഭീഷണിയാണ് കേരള‌ പ്രതിരോധത്തിന് സമ്മാനിച്ചത്. ഇരുപത്തിയഞ്ചാം മിനുറ്റിൽ എഡുബേഡിയ തൊടുത്ത ഷോട്ട് ലക്ഷ്യംതെറ്റി പറന്നതിൽ ബ്ലാസ്റ്റേഴ്സിന് ഫുട്ബോൾ ദൈവങ്ങളോട്‌ നന്ദി പറയാം. പല തവണ ഗോവ മിസ് പാസുകൾ വരുത്തിയെങ്കിലും മുതലെടുക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കഴിഞ്ഞില്ല.

ഗോവൻ താരങ്ങൾ ഗോൾദാഹത്തോടെ മൈതാനത്ത് ഓടിനടന്നെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് അത്ര ധൃതിയുണ്ടായിരുന്നില്ല‌. മത്സരത്തിൽ പിന്നിലായിരുന്നിട്ടും പലപ്പോളും ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് മത്സരം മന്ദഗതിയിലാക്കിയത്. കേരളത്തിന്റെ അലസമായ കളിക്ക് ആദ്യ പകുതിയുടെ ഇഞ്ചുറി‌സമയത്ത് തിരിച്ചടി ലഭിച്ചു. കോറോ നേടിയ തകർപ്പൻ ഗോളിൽ മത്സരത്തിൽ ഗോവ 2-0 ന് മുന്നിലെത്തി‌.

രണ്ടാം പകുതി

മൊഹമ്മദ് റാക്കിപ്പിന് പകരം സിറിൽ കാലിയെ കളത്തിലിറക്കിയാണ് കേരളം രണ്ടാം പകുതിക്കിറങ്ങിയത്. കാര്യമായ മുന്നേറ്റങ്ങൾ ഇരുടീമുകളുടേയും ഭാഗത്ത് നിന്ന് വരാതെ മത്സരം പുരോഗമിക്കുമ്പോളായിരുന്നു അറുപത്തിയൊന്നാം മിനുറ്റിലെ ഗോവൻ മുന്നേറ്റം. ടീം വർക്കിലൂടെ കളിച്ച് മുന്നേറി കേരളാ ബോക്സിലേക്ക് കടന്ന ഗോവൻ മുന്നേറ്റത്തിനൊടുവിൽ ഗോൾ നേടാനുള്ള കോറോയുടെ ആദ്യ ശ്രമം ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞപ്പോൾ രണ്ടാം ശ്രമം ഗോൾകീപ്പർ നവീൻ‌ കുമാർ രക്ഷപെടുത്തി.

അറുപത്തിയാറാം മിനുറ്റിൽ ഹ്യൂഗോ ബോമസിന്റെ ഗോൾ ശ്രമവും നവീൻ കുമാർ രക്ഷപെടുത്തിയെങ്കിലും അതിന്റെ ആശ്വാസം അധിക സമയം നീണ്ടു നിന്നില്ല‌ തൊട്ടു പിന്നാലെ ബ്രണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണർ തലകൊണ്ട് ഗോൾ വലയിലേക്ക് തിരിച്ച മൻവീർ സിംഗ് കേരളത്തിന്റെ വലയിൽ മൂന്നാമതും പന്തെത്തിച്ചു. മത്സരത്തിൽ ഗോവ വ്യക്തമായ ലീഡെടുത്തു. സ്കോർ- എഫ് സി ഗോവ 3-0 കേരളാ ബ്ലാസ്റ്റേഴ്സ്. എഴുപത്തിയൊന്നാം മിനുറ്റിൽ കെ.പ്രശാന്തിനെ കേരളം പിൻ വലിച്ചു. പകരമിറങ്ങിയത് സി.കെ വിനീത്. കളത്തിലിറങ്ങി മൂന്നാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ മടക്കാനുള്ള മികച്ച അവസരം വിനീതിന് ലഭിച്ചെങ്കിലും താരത്തിന്റെ ദുർബലമായ ഷോട്ട് ഗോവ രക്ഷപെടുത്തി.

ലഭിച്ച അവസരങ്ങളെല്ലാം ഒന്നിന് പിറകേ ഒന്നായി ബ്ലാസ്റ്റേഴ്സ് പാഴാക്കുന്നതാണ് പിന്നീടും മത്സരത്തിൽ കണ്ടത്. ഇതിനിടയിൽ ഗോവ നടത്തിയ പല മുന്നേറ്റങ്ങളും ഗോൾ കീപ്പർ നവീൻ കുമാർ രക്ഷപെടുത്തിയത് കേരളത്തിനും രക്ഷയായി. തൊണ്ണൂറാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ പിറന്നു. നായകൻ ജിങ്കൻ നൽകിയ പന്തിൽ നിന്ന് മധ്യനിരതാരം ക്രച്ച് മറേവിച്ചാണ് ഗോൾ നേടിയത്. ആദ്യ ഗോളിന് ശേഷവും മികച്ച ചില മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായി. സി.കെ വിനീതിന്റെ ബുള്ളറ്റ് ഷോട്ടായിരുന്നു ഇതിൽ ശ്രദ്ധേയം. പക്ഷേ ഗോൾ പോസ്റ്റിന് മുകളിലൂടെ പന്ത് പറക്കുകയായിരുന്നു.