SHARE

എഫ് സി ഗോവയ്ക്കെതിരെ കൊച്ചിയിൽ തങ്ങളുടെ സ്വന്തം തട്ടകത്തിൽ നടക്കുന്ന ഐ എസ് എൽ മത്സരത്തിന്റെ ആദ്യ പകുതിക്ക് പിരിയുമ്പോൾ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് പിന്നിൽ. സ്കോർ : എഫ് സി ഗോവ 2-0 കേരളാ ബ്ലാസ്റ്റേഴ്സ്. സൂപ്പർ താരം കോറോയാണ് അവരുടെ രണ്ട് ഗോളുകളും നേടിയത്. പതിനൊന്നാം മിനുറ്റിലും, ആദ്യ പകുതിയുടെ ഇഞ്ചുറി‌സമയത്തുമായിരുന്നു ഗോളുകൾ. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്ര ആവേശമൊന്നും ഗോവയ്ക്കെതിരായ ആദ്യ പകുതി സമ്മാനിച്ചില്ല‌. ഗോവൻ താരം കോറോയുടെ വേഗത ആദ്യ പകുതിയിൽ പലപ്പോളും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പിടിപ്പത് പണി നൽകി. ഗോവൻ സംഘം ആദ്യ പകുതിയിൽ വരുത്തിയ പിഴവിൽ നിന്ന് എതിർ ബോക്സിലേക്ക് നീക്കങ്ങൾ നടത്താനുള്ള അവസരങ്ങളും ബ്ലാസ്റ്റേഴ്സ് തുടർച്ചയായി പാഴാക്കി.

ആദ്യ പകുതി

എഫ് സി ഗോവയുടെ ടച്ചോടെ ആരംഭിച്ച മത്സരത്തിലെ ആദ്യ മികച്ച മുന്നേറ്റം വന്നത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നാണ്. എന്നാൽ അഞ്ചാം മിനുറ്റിൽ ഗോൾ നേടാൻ ലഭിച്ച മികച്ച അവസരം ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ബ്ലാസ്റ്റേഴ്സ് പാഴാക്കി. പതിനൊന്നാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കിക്കൊണ്ട് ഗോവയുടെ ആദ്യ ഗോൾ പിറന്നു. കോർണറിൽ നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ ഗോൾവലയിലേക്ക് തിരിച്ചുവിട്ട കോറോ മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ ഗോവയെ മുന്നിലെത്തിച്ചപ്പോൾ ഗ്യാലറി നിശബ്ദമായി. സ്കോർ : എഫ് സി ഗോവ 1-0 കേരളാ ബ്ലാസ്റ്റേഴ്സ്.

പതിനേഴാം മിനുറ്റിൽ ഗോവൻ പ്രതിരോധത്തിന് ബോൾ ക്ലിയർ ചെയ്യുന്നതിൽ വന്ന പിഴവ് മുതലാക്കി പന്തുമായി മുന്നിലേക്ക് ഓടിക്കയറാൻ ഹോളിചരൺ നർസാരി ശ്രമിച്ചെങ്കിലും മികച്ചൊരു ടാക്കിളിലൂടെ സെറിട്ടൺ ഫെർണാണ്ടസ് ഗോവയെ രക്ഷിച്ചു. കേരളത്തിന് ഒരു കോർണർ മാത്രം. ഇടയ്ക്കിടക്ക് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ആക്രമണവുമായെത്തിയ ഗോവൻ താരങ്ങൾ വലിയ ഭീഷണിയാണ് കേരള‌ പ്രതിരോധത്തിന് സമ്മാനിച്ചത്. ഇരുപത്തിയഞ്ചാം മിനുറ്റിൽ എഡുബേഡിയ തൊടുത്ത ഷോട്ട് ലക്ഷ്യംതെറ്റി പറന്നതിൽ ബ്ലാസ്റ്റേഴ്സിന് ഫുട്ബോൾ ദൈവങ്ങളോട്‌ നന്ദി പറയാം. പല തവണ ഗോവ മിസ് പാസുകൾ വരുത്തിയെങ്കിലും മുതലെടുക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കഴിഞ്ഞില്ല.

ഗോവൻ താരങ്ങൾ ഗോൾദാഹത്തോടെ മൈതാനത്ത് ഓടിനടന്നെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് അത്ര ധൃതിയുണ്ടായിരുന്നില്ല‌. മത്സരത്തിൽ പിന്നിലായിരുന്നിട്ടും പലപ്പോളും ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് മത്സരം മന്ദഗതിയിലാക്കിയത്. കേരളത്തിന്റെ അലസമായ കളിക്ക് ആദ്യ പകുതിയുടെ ഇഞ്ചുറി‌സമയത്ത് തിരിച്ചടി ലഭിച്ചു. കോറോ നേടിയ തകർപ്പൻ ഗോളിൽ മത്സരത്തിൽ ഗോവ 2-0 ന് മുന്നിലെത്തി‌.