SHARE

അവസാനം ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നു. പിന്നിൽ നിന്ന മത്സരത്തിൽ തിരിച്ചടിച്ച്, മത്സരത്തിൽ ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്തു. പക്ഷേ ഒരു കാര്യം മാത്രം നടന്നില്ല. എതിരാളികളേക്കാൾ ഒരു ഗോൾ അധികം നേടാൻ. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫിനിഷിംഗിലെ പിഴവുകൾ വിനയായപ്പോൾ ജംഷദ്പൂർ എഫ് സി ക്കെതിരായ ഐ എസ് എൽ മത്സരത്തിന് കേരളത്തിന് സമനിലക്കുരുക്ക്. സ്കോർ കേരളാ ബ്ലാസ്റ്റേഴ്സ് 1-1 ജംഷദ്പൂർ എഫ് സി. പെനാൽറ്റിയിലൂടെ കാർലോസ് കാൾവോ ജംഷദ്പൂരിന്റെ ഗോൾ നേടിയപ്പോൾ, കേരളം തിരിച്ചടിച്ചത് ലിൻ ഡൂംഗലിലൂടെ. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ ഇരു ഗോളുകളും പിറന്നത്. ജംഷദ്പൂരിന്റെ ഗോൾ പിറന്ന പെനാൽറ്റി മത്സരശേഷം ഏറെ ചർച്ച ചെയ്യപ്പെടുമെന്നുറപ്പ്.

ആദ്യ പകുതി

കനത്ത മഴയിൽ ബ്ലാസ്റ്റേഴ്സിന്റെ ടച്ചോട് കൂടിയാണ് മത്സരം തുടങ്ങിയത്. ഏഴാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിലൂടെ മത്സരത്തിലെ ആദ്യ മുന്നേറ്റം വന്നു. അസൂത്രിത്രമായി കളിച്ച് മുന്നേറിയ കേരളം ജംഷദ്പൂർ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും സഹൽ നൽകിയ എണ്ണംപറഞ്ഞ പാസ് ഗോളിലേക്ക് തൊടുക്കാനുള്ള സ്റ്റോയനോവിച്ചിന്റെ ശ്രമം ഗോൾ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. ആദ്യ മുന്നേറ്റത്തിന്റെ ആത്മവിശ്വാസം പിന്നീടുള്ള മിനുറ്റുകളിലും കേരളത്തിന്റെ കളിയിൽ നിറഞ്ഞുനിന്നു.

പന്ത്രണ്ടാം മിനുറ്റിൽ ജംഷദ്പൂർ എഫ് സിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് അവരുടെ സൂപ്പർ താരം മൈക്കൽ സൂസൈരാജ് പുറത്തേക്ക്. പരിക്കേറ്റ സൂസൈരാജിന് പകരം അവർ ജെറിയെ കളത്തിലിറക്കി. പതിനെട്ടാം മിനുറ്റിൽ അപകടകരമായ പൊസിഷനിൽ നിന്ന് ജംഷദ്പൂരിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും കേരളം സമർത്ഥമായി അതിനെ നേരിട്ടു. ഇതിനിടെ സ്റ്റൊയനോവിച്ച് മഞ്ഞക്കാർഡ് കണ്ടതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

ഇരുപത്തിയൊന്നാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ കോരിത്തരിപ്പിച്ച് കൊണ്ട് ടീമിന്റെ തകർപ്പൻ മുന്നേറ്റം. എതിർ ബോക്സിലേക്ക് കിസിറ്റോ നടത്തിയ കുതിപ്പിനൊടുവിൽ പന്ത് ലഭിച്ചത് സഹലിന്. ഗോളിലേക്ക് മലയാളി താരം തൊടുത്ത ഉഗ്രൻ ഷോട്ടിന് മുന്നിൽ പക്ഷേ ക്രോസ്ബാർ വില്ലനായി. ബാറിലിടിച്ച് പന്ത് തെറിച്ചു. കളി കണ്ടിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർ അവിശ്വസനീയതോടെ തലയിൽ കൈവെച്ചു.

മത്സരം മുപ്പത് മിനുറ്റിലേക്ക് കടന്നപ്പോൾ കേരളം തുടർച്ചയായ ആക്രമണങ്ങളിലൂടെ ജംഷദ്പൂർ ബോക്സിലേക്ക് ഇരമ്പിയെത്തി. ഹോളിചരൺ നർസാരിയുടെ തകർപ്പൻ ഷോട്ടും, ലാകിച്ച് പെസിച്ചിന്റെ ഹെഡറുമെല്ലാം ആരാധകർക്ക് ആവേശം സമ്മാനിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. മുപ്പത്തിമൂന്നാം മിനുറ്റിൽ ജംഷദ്പൂർ നടത്തിയ ആക്രമണം തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്.തൊട്ടടുത്ത മിനുറ്റിൽ നടത്തിയ തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്ന് കേരളം ഗോൾ വല കുലുക്കുമെന്ന് തോന്നിച്ചെങ്കിലും ലിൻ ഡൂംഗലിന്റെ ഷോട്ട് ഗോൾ ലൈൻ സേവിലൂടെ ജംഷദ്പൂർ തടഞ്ഞു. നാല്പതാം മിനുറ്റിൽ പരിക്കിനെത്തുടർന്ന് ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം കെസിറോൺ കിസിറ്റോ പുറത്തേക്ക്, പകരമെത്തിയത് കറേജ് പെക്കൂസൺ.

രണ്ടാം പകുതി

ആദ്യ പകുതിക്ക് സമാനമായിരുന്നു രണ്ടാം പകുതിയുടെ തുടക്കവും.ഇരു ടീമുകളും പതുക്കെ കളിച്ച് തുടങ്ങിയപ്പോൾ പന്ത് കൂടുതൽ സമയവും മധ്യഭാഗത്ത് തന്നെയായിരുന്നു. അൻപതാം മിനുറ്റിൽ കേരളം കളിക്കളത്തിൽ മാറ്റം വരുത്തി. ഹോളിചരൺ നർസാരിയെ പിൻ വലിച്ചപ്പോൾ പകരമിറങ്ങിയത് സി.കെ വിനീത്. അൻപത്തിയെട്ടാം മിനുറ്റിൽ ബോക്സിന് പുറത്ത് നിന്ന് സ്റ്റോയനോവിച്ച് നടത്തിയ ഗോൾശ്രമം ജംഷദ്പൂർ ഗോളി രക്ഷപെടുത്തി. അറുപത്തിയൊന്നാം മിനുറ്റിൽ വീണ്ടും സ്റ്റോയനോവിച്ച്. ഇത്തവണ ബോക്സിനുള്ളിൽ നിന്നായിരുന്നു ഗോൾ ശ്രമമെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറന്നു.

അറുപത്തിയാറാം മിനുറ്റിൽ ധീരജ് സിംഗ് ടിം കാഹിലിനെതിരെ നടത്തിയ ഫൗളിന് ജംഷദ്പൂർ എഫ് സിക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത കാർലോസ് കാൾവോയ്ക്ക് പിഴച്ചില്ല. ധീരജിനെ നിഷ്പ്രഭനാക്കി പന്ത് വലയിൽ. ജംഷദ്പൂർ മത്സരത്തിൽ മുന്നിലെത്തി. സ്കോർ : ജംഷദ്പൂർ എഫ് സി 1-0 കേരളാ ബ്ലാസ്റ്റേഴ്സ്. ധീരജിന്റെ ഫൗൾ പെനാൽറ്റി കൊടുക്കാൻ മാത്രമുണ്ടായിരുന്നോയെന്ന് മത്സരശേഷം ഏറെ ചർച്ച ചെയ്യപ്പെടും എന്നുറപ്പ്.

മത്സരത്തിൽ പിന്നിലായതോടെ കേരളം ആക്രമണം വർധിപ്പിച്ചു. എഴുപത്തിയാറാം മിനുറ്റിൽ ലിൻഡൂംഗലിന്റെ തകർപ്പൻ ഷോട്ട് ഒരു ഗോൾ ലൈൻ സേവിലൂടെ ജംഷദ്പൂർ രക്ഷപെടുത്തി. എന്നാൽ ജംഷദ്പൂരിനെത്തേടി ശരിക്കുമുള്ള അപകടം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഗോൾ ലൈൻ സേവിന് തൊട്ട് പിന്നാലെ ലിൻ ഡൂംഗലിലൂടെ ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന സമനില ഗോൾ പിറന്നു. ലിൻഡൂംഗലിന്റെ ഗോളിൽ കേരളം സമനില‌പിടിക്കുമ്പോൾ ഗ്യാലറി ഇളകി മറിഞ്ഞു. സ്കോർ : കേരളാ ബ്ലാസ്റ്റേഴ്സ് 1-1 ജംഷദ്പൂർ എഫ് സി. മത്സരം ഒപ്പം പിടിച്ചതോടെ കേരളം കൂടുതൽ മികവോടെ കളിക്കാൻ തുടങ്ങി. മത്സരത്തിന്റെ അവസാന മിനുറ്റുകളിലും ഗോൾ നേടാൻ എല്ലാവിധ ശ്രമങ്ങളും ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കിലും പതറാതെ പിടിച്ചുനിന്ന ജംഷദ്പൂർ എഫ് സി വിജയത്തോളം പോന്നൊരു എവേ സമനിലയുമായി കൊച്ചിയിൽ നിന്ന് മടങ്ങുകയായിരുന്നു.